ദോഹ: ഫലസ്തീൻ രാഷ്ട്രത്തിനുള്ള അംഗീകാരം കടലാസിൽ മാത്രം ഒതുങ്ങരുതെന്ന് ഖത്തർ. ഇക്കാര്യത്തിൽ അന്താരാഷ്ട്ര സമൂഹത്തിന് നിയമപരവും ധാർമികവുമായ ഉത്തരവാദിത്തങ്ങളുണ്ടെന്നും ഇസ്രായേലിനെ സമ്മർദത്തിലാക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും മനുഷ്യാവകാശ കൗൺസിലിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഡോ. ഹിന്ദ് അബ്ദുറഹ്മാൻ അൽ മുഫ്താഹ് പ്രതികരിച്ചു. ജനീവയിൽ മനുഷ്യാവകാശ കൗൺസിൽ സെഷനിൽ ഫലസ്തീനിലെയും മറ്റ് അധിനിവേശ അറബ് പ്രദേശങ്ങളിലെയും മനുഷ്യാവകാശ സാഹചര്യങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.
മേഖലയിലെ സമാധാന സാധ്യതകളെ തകർക്കാനാണ് ഇസ്രായേൽ ശ്രമിക്കുന്നത്. ഇസ്രായേലിന്റെ അധിനിവേശ ശ്രമങ്ങളും കുടിയേറ്റ, കോളനിവത്കരണ, ആക്രമണ പദ്ധതികളും സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്നും ഗസ്സയിലെ യുദ്ധവും വംശഹത്യയും അവസാനിപ്പിക്കാനും ആവശ്യമായ മാനുഷിക സഹായം എത്തിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം നിയമപരവും ധാർമികവുമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഫലസ്തീനെ വിവിധ രാജ്യങ്ങൾ ഔദ്യോഗികമായി അംഗീകരിച്ചതിനെ ഖത്തർ സ്വാഗതം ചെയ്യുന്നതായി ഡോ. ഹിന്ദ് അൽ മുഫ്താഹ് അറിയിച്ചു. ഇത് ദ്വിരാഷ്ട്ര പരിഹാര നടപ്പാക്കുന്നതിനും 1967ലെ അതിർത്തികളെ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ന്യൂയോർക്ക് പ്രഖ്യാപനത്തിന് പിന്തുണയ്ക്കുന്നതായും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.