യു.എസ് -ഇറാൻ ചർച്ചകൾക്ക് കൂടുതൽ സമയം ആവശ്യമാണെന്ന് ഖത്തർ

ദോഹ: അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ വിജയത്തിലെത്താൻ കൂടുതൽ സമയം ആവശ്യമാണെന്ന് ഖത്തർ. ഇരുവിഭാഗങ്ങളെയും ചർച്ചയിലെത്തിക്കാൻ പാകിസ്താൻ നടത്തുന്ന നയതന്ത്ര ശ്രമങ്ങളെ ഖത്തർ പിന്തുണക്കുന്നതായും വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി പ്രതിവാര വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പ്രശ്നപരിഹാരങ്ങൾക്കായി അതീവ ഗൗരവത്തോടെയാണ് പാകിസ്താൻ ഇടപെടുന്നത്. എന്നാൽ, ഇതിന് കൂടുതൽ സമയം അനുവദിക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദമാക്കി.

യു.എസുമായുള്ള സമ്പർക്കം വരും ദിവസങ്ങളിലും തുടരുമെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം വിശദീകരിച്ചു. ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളുടെ നിർദേശ പ്രകാരമാണ് ഇറാനെതിരായ ആക്രമണം താൽക്കാലികമായി മാറ്റിവെക്കുന്നതെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇത് നല്ലൊരു പ്രതികരണമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇറാനുമായും സമ്പർക്കം പുലർത്തുന്നുണ്ട്. എന്നാൽ, ഖത്തറിനെതിരായ ഇറാന്റെ ആക്രമണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ദോഷകരമായി ബാധിച്ചു. നിലവിലെ സാഹചര്യത്തിൽ പ്രാദേശിക നേതാക്കളുമായും ബന്ധപ്പെട്ട മറ്റ് കക്ഷികളുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.

തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്താൻ ഒരു രാജ്യത്തിനും അവകാശമില്ല. നിലവിൽ രണ്ട് എൽ.എൻ.ജി ടാങ്കറുകൾ മാത്രമാണ് ഹുർമുസ് കടലിടുക്ക് കടന്നുപോയത്. മേഖലയിൽ സാധാരണ നിലയിലുള്ള ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Qatar says more time is needed for US-Iran talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.