ദോഹ: ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച സമഗ്ര സമാധാന പദ്ധതിയും ഇതിന്റെ ഭാഗമായുള്ള റോഡ്മാപ്പും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രരൂപവത്കരണവും ഇസ്രായേൽ പരസ്യമായി നിരസിച്ചതിനെ ഖത്തർ ഉൾപ്പെടെ എട്ട് രാജ്യങ്ങൾ ശക്തമായി അപലപിച്ചു.
ഖത്തർ, സൗദി അറേബ്യ, ഈജിപ്ത്, ജോർഡാൻ, പാകിസ്താൻ, ഇന്തോനേഷ്യ, തുർക്കിയ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഒപ്പുവെച്ച സംയുക്ത പ്രസ്താവനയിലാണ് ഇസ്രായേൽ നിലപാടിനെതിരെ ശക്തമായി പ്രതിഷേധിച്ചത്. ഈ നിഷേധാത്മക സമീപനം മേഖലയിലെ സമാധാനശ്രമങ്ങളെ അപകടത്തിലാക്കും. ഗസ്സയിലും മറ്റ് അധിനിവിഷ്ട പ്രദേശങ്ങളിലും സ്ഥിതിഗതികൾ വീണ്ടും വഷളാകുന്നതിന്റെ സമ്പൂർണ ഉത്തരവാദിത്തം ഇസ്രായേലിനായിരിക്കുമെന്നും മന്ത്രിമാർ ചൂണ്ടിക്കാട്ടി.
ഫലസ്തീൻ വിഭാഗങ്ങൾ അംഗീകരിച്ച റോഡ്മാപ്പ്, ഈജിപ്ത്, ഖത്തർ, തുർക്കിയ, യു.എസ്.എ, ഗസ്സയിലെ ഉന്നത പ്രതിനിധി, പീസ് കൗൺസിൽ എന്നീ മധ്യസ്ഥരുടെ ദീർഘനാളത്തെ ശ്രമഫലമായി രൂപപ്പെട്ടതാണ്. ഇസ്രായേൽ സേനയുടെ പിൻവാങ്ങൽ, അന്താരാഷ്ട്ര സ്ഥിരത സേനയുടെ വിന്യാസം, നാഷനൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗസ്സയിലേക്ക് അധികാരം കൈമാറൽ, മേഖലയുടെ പുനർനിർമാണം, ആയുധങ്ങൾ പിടിച്ചെടുക്കൽ എന്നിവയാണ് പദ്ധതിയിലെ പ്രധാന ഘട്ടങ്ങൾ.
പദ്ധതി നടപ്പാക്കുന്നതിൽ ഇസ്രായേൽ കൂടുതൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നത് ഒഴിവാക്കാൻ അമേരിക്കയുടെ സജീവമായ ഇടപെടൽ ഉണ്ടാകണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു. റോഡ്മാപ്പ് നടപ്പാക്കുന്നതിലൂടെ മാത്രമേ ഗസ്സയിലെ മാനുഷിക പ്രതിസന്ധിക്ക് പരിഹാരം കാണാനും പുനരധിവാസം ഉറപ്പാക്കാനും കഴിയൂ.
1967-ലെ അതിർത്തികൾ അടിസ്ഥാനമാക്കി, കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്രവും പരമാധികാരമുള്ളതുമായ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ മാത്രമേ ശാശ്വതമായ സമാധാനം സാധ്യമാകൂ എന്ന് പ്രസ്താവനയിൽ മന്ത്രിമാർ ആവർത്തിച്ചു. ഫലസ്തീൻ രാഷ്ട്രരൂപവത്കരണം തടയാനുള്ള ഏകപക്ഷീയ നീക്കങ്ങൾ പ്രാദേശിക സുരക്ഷയെ തകർക്കുന്നതാണ്. പീസ് കൗൺസിൽ നടത്തുന്ന സമാധാന ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച വിദേശകാര്യ മന്ത്രിമാർ, സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് സുഗമമായി കടക്കാൻ അന്താരാഷ്ട്ര സമൂഹം സഹകരിക്കണമെന്നും ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.