അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും കൂടിക്കാഴ്ച നടത്തുന്നു
ദോഹ: ഖത്തറും റഷ്യയും തമ്മിലെ വ്യാപാര, നയതന്ത്ര സൗഹൃദം ഊഷ്മളമാക്കി അമീർ ശൈഖ് തമീം ബിൻഹമദ് ആൽഥാനിയുടെ മോസ്കോ സന്ദർശനം. വിവിധ അന്താരാഷ്ട്ര രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയായ സന്ദർശനത്തിൽ ഇരു രാജ്യങ്ങളും ചേർന്നുള്ള 200 കോടി യൂറോയുടെ സംയുക്ത നിക്ഷേപ ഫണ്ടിനും ധാരണയായി. പശ്ചിമേഷ്യയുടെ വേദനയായി മാറിയ ഗസ്സയിലെ ഇസ്രായേൽ ആക്രമണവും, സിറിയയിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും രാഷ്ട്ര നേതാക്കളുടെ കൂടിക്കാഴ്ചയിൽ ചർച്ചയായി.
ഏഴ് വര്‍ഷത്തെ ഇടവേളക്കു ശേഷമെത്തിയ ഖത്തര്‍ അമീറിന് ഹൃദ്യമായ വരവേൽപ്പായിരുന്നു തലസ്ഥാന നഗരിയായ മോസ്കോയിൽ നൽകിയത്. നുകോവോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അമീറിനെ റഷ്യൻ ഉപപ്രധാനമന്ത്രി ഡെനിസ് മതുറോവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
വിമാനത്താവളത്തിലെ സ്വീകരണത്തിനു ശേഷമായിരുന്നു ക്രെംലിൻ പാലസിൽ അമീറും റഷ്യൻ പ്രസിഡന്റ് പുടിനും കൂടിക്കാഴ്ച നടത്തിയത്. വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച് കരാറുകളിലും ധാരണാ പത്രങ്ങളിലും രാഷ്ട്രനേതാക്കൻമാരുടെ സാന്നിധ്യത്തിൽ ഒപ്പുവെച്ചു.
ഇരു രാജ്യങ്ങള്‍ക്കും തുല്യ പങ്കാളിത്തമുള്ള 200 കോടി യൂറോയുടെ നിക്ഷേപ ഫണ്ട് സംബന്ധിച്ച കരാർ സന്ദർശനത്തിൽ പ്രധാനമായി. ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടും റഷ്യയിലെ വിവിധ മേഖലകളില്‍ ഈ ഫണ്ട് നിക്ഷേപിക്കും. ആരോഗ്യം, മെഡിക്കല്‍ വിദ്യാഭ്യാസം, മെഡിക്കല്‍ സയന്‍സ്, സ്പോര്‍ട്സ് തുടങ്ങിയ മേഖലകളിലും കൂടുതല്‍ സഹകരണത്തിന് ഇരു രാജ്യങ്ങളും ധാരണയായി.
ഗസ്സയില്‍ സമാധാനത്തിന് ഖത്തര്‍ ആത്മാര്‍ഥമായ ശ്രമങ്ങളാണ് നടത്തിയതെന്ന് പുടിന് പ്രകീര്‍ത്തിച്ചു. ഫലസ്തീനിൽ നിഷ്കളങ്കരായ മനുഷ്യർ കൊല്ലപ്പെടുന്നത് ഇക്കാലത്തെ ദുരന്തമാണെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. സിറിയയില്‍ അസദ് ഭരണകൂടം മാറിയതിന് ശേഷമുള്ള അമീറിന്റെ സന്ദര്‍ശനത്തിന് ആ നിലക്കും ഏറെ പ്രാധാന്യമുണ്ടായിരുന്നു. പുതിയ ഭരണകൂടം ഖത്തറുമായി അടുത്തബന്ധം പുലര്‍ത്തുന്നുണ്ട്.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ മോസ്കോയിലെഅന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
പ്രസിഡന്റ് അഹമ്മദ് അൽ ഷാറയുടെ നേതൃത്വത്തിലുള്ള സിറിയൻ ഭരണകൂടം റഷ്യയുമായി ബന്ധം ശക്തമാക്കാൻ ആഗ്രഹിക്കുന്നതായി അമീർ പുടിനെ അറിയിച്ചു.
സിറിയയിലെ റഷ്യന്‍ സൈനിക താവളങ്ങള്‍ തുടരുന്നതിനെ അമീര്‍ പിന്തുണച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്ന രാജ്യമെന്ന നിലയില്‍ യുെക്രയ്ന്‍ -റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സാധ്യതകളും ചര്‍ച്ചയായി.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, അമിരി ദിവാൻ ചീഫ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ കുലൈഫി, ധനകാര്യമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി, ഊർജ സഹമന്ത്രി സഅദ് ബിൻഷെരിദ അൽ കഅബി, ആരോഗ്യമന്ത്രി മൻസൂർ ബിൻ ഇബ്രാഹിം ബിൻ സഅദ് അൽ മഹ്മൂദ്, വാണിജ്യ, വ്യവസായ മന്ത്രി ശൈഖ് ഫൈസൽ ബിൻ ഥാനി ആൽഥാനി ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.