യു.എന്നിലെ ഖത്തർ പ്രതിനിധി ശൈഖ അൽയാ അഹ്മദ് ബിൻത് സൈഫ് ആൽഥാനി
ദോഹ: ഖത്തറിന്റെ നേതൃത്വത്തിലുള്ള ഗസ്സ പുനർനിർമാണ സമിതി ആസ്ഥാനത്തിനുനേരെയുള്ള ഇസ്രായേൽ അധിനിവേശസേനയുടെ വ്യോമാക്രമണം മുനമ്പിലേക്ക് സഹായമെത്തിക്കുന്നതിൽനിന്ന് തടയുകയില്ലെന്ന് ആവർത്തിച്ച് ഖത്തർ.
അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനമാണിതെന്നും ഗസ്സ പുനർനിർമാണ സമിതി കേന്ദ്രത്തിനുനേരെയുള്ള ആക്രമണം മാനുഷിക പ്രവർത്തനങ്ങളെ ലക്ഷ്യമിടാനുള്ള അധിനിവേശസേനയുടെ തീരുമാനമാണെന്നും ഖത്തർ വ്യക്തമാക്കി.
ഗസ്സയിലെ മാനുഷിക സാഹചര്യങ്ങളെക്കുറിച്ച് വിലയിരുത്തുന്നതിനുള്ള അനൗപചാരിക പ്ലീനറി യോഗത്തിൽ ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ അൽയാ അഹ്മദ് ബിൻത് സൈഫ് ആൽഥാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഖത്തറിന്റെയും അറബ് ലീഗിന്റെയും ന്യൂയോർക്കിലെ ഒ.ഐ.സി ഗ്രൂപ്പിന്റെയും അഭ്യർഥന മാനിച്ചാണ് യോഗം സംഘടിപ്പിച്ചത്.
പ്രതിസന്ധിയുടെ തുടക്കം മുതൽ ഈജിപ്ഷ്യൻ നഗരമായ അരീഷിലേക്ക് ഫീൽഡ് ആശുപത്രി, ഷെൽട്ടറുകൾ, മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും, ഭക്ഷണം എന്നിവയുൾപ്പെടെ 358 ടണ്ണിലധികം സഹായവുമായി പത്തോളം വിമാനങ്ങളാണ് ഖത്തർ അയച്ചതെന്നും ശൈഖ അൽയാ ആൽഥാനി കൂട്ടിച്ചേർത്തു.
സിവിലിയന്മാർക്കുനേരെയുള്ള എല്ലാ ആക്രമണങ്ങളെയും ഖത്തർ ഭരണകൂടം കടുത്ത ഭാഷയിൽ അപലപിക്കുന്നതായും ഇസ്രായേൽ അധിനിവേശ രാഷ്ട്രം നടത്തിയ അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഗുരുതരമായ ലംഘനങ്ങളെയും അപലപിക്കുന്നുവെന്നും അവർ പറഞ്ഞു. ഗസ്സക്കുനേരെയുള്ള ആക്രമണങ്ങളിലെ ഇരകളിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നും ഗസ്സ മുനമ്പിനെ കുട്ടികളുടെ ശ്മശാനം എന്നു വിശേഷിപ്പിക്കാമെന്നും ഗസ്സയിൽ നടക്കുന്നത് വംശഹത്യയാണെന്നും അവർ ചൂണ്ടിക്കാട്ടി.
ആശുപത്രി ആക്രമണം അപലപനീയം
ദോഹ: വടക്കൻ ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രിക്കുനേരെയുള്ള ഇസ്രായേൽ വ്യോമാക്രമണത്തെ ഖത്തർ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ആശുപത്രി, സ്കൂൾ, അഭയാർഥി ക്യാമ്പുകൾ തുടങ്ങിയ കേന്ദ്രങ്ങൾക്കെതിരെ ഇസ്രായേൽ തുടരുന്ന ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് വ്യക്തമാക്കിയ ഖത്തർ, യുദ്ധക്കുറ്റങ്ങളിൽ ഇസ്രായേലിനെതിരെ അന്താരാഷ്ട്ര സമിതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.