ദോഹ: ഖത്തറിെൻറ ആഡംബര ഭൂപടത്തിലേക്കുള്ള ബൃഹത് പദ്ധതിയായ ജീവാൻ ഐലൻഡ് 2022ൽ പൂർത്തിയാകുമെന്ന് പേൾ ഖത്തർ ഡെവലപ്പർമാരായ യുനൈറ്റഡ് ഡെവലപ്മെൻറ് കമ്പനി (യു.ഡി.സി) പ്രഖ്യാപിച്ചു. ജീവാൻ ഐലൻഡിലെ കെട്ടിട, ലാൻഡ്സ്കേപ് നിർമാണത്തിന് കരാർ ചൈന റെയിൽവേ 18 ബ്യൂറോക്ക് കഴിഞ്ഞദിവസം യു.ഡി.സി നൽകി. കാഴ്ചകളുടെ പൂരമൊരുക്കിയാണ് ഖത്തറിൽ വീണ്ടുമൊരു ദ്വീപ് നിർമിക്കുന്നത്. പേള്‍ ഖത്തറിന് സമീപമാണ് പദ്ധതി. നാലു ലക്ഷം ചതുരശ്രമീറ്ററിലായി നടപ്പാക്കുന്ന ദ്വീപ് പദ്ധതിയില്‍ 3.88 ലക്ഷം ചതുരശ്രമീറ്ററാണ് നിര്‍മാണമേഖല. ഐലൻഡിലെ അടിസ്ഥാനസൗകര്യ വികസന പദ്ധതിക്കുള്ള കരാർ നവയുഗ എൻജിനീയറിങ് കമ്പനിക്കാണ് നൽകിയത്.
1500 കോടി റിയാലിനാണ് 2022ൽ പൂർത്തിയാകുന്ന പദ്ധതിയുടെ കരാർ രണ്ട് കമ്പനികൾക്ക് യു.ഡി.സി നൽകിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും എല്ലാ പദ്ധതികളുടെയും നിർമാണപ്രവർത്തനങ്ങൾ തുടരുകയാണെന്ന് യു.ഡി.സി പ്രസിഡൻറും സി.ഇ.ഒയുമായ ഇബ്രാഹിം ജാസിം അൽ ഉഥ്മാൻ പറഞ്ഞു. കമ്പനിയുടെ സുസ്ഥിര വളർച്ചയാണ് ലക്ഷ്യമിടുന്നത്. പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ദീർഘകാലാടിസ്ഥാനത്തിൽ വരുമാനം ഉറപ്പാക്കുകയും യു.ഡി.സിയുടെ ലക്ഷ്യമാണ്.
ജീവാൻ ഐലൻഡിൽ 586 അപ്പാർടമെൻറുകൾ ഉൾപ്പെടെ 659 താമസ യൂനിറ്റുകൾ, ബീച്ചിനോട് ചേർന്ന് 20 വില്ലകൾ, കടലിന് അഭിമുഖമായി 26 വില്ലകൾ, ആറ് സ്വതന്ത്ര വില്ലകൾ, 11,000 ചതുരശ്രമീറ്ററിൽ റീട്ടെയിൽ ഏരിയ, 15 വിവിധോദ്ദേശ്യ കെട്ടിടങ്ങൾ എന്നിവയാണ് നിർമിക്കുന്നത്. ദ്വീപ് നിർമാണം പൂർത്തിയാകുന്നതോടെ 3,500ൽ അധികം താമസക്കാരെയും അത്ര സന്ദർശകരെയും ഉൾക്കൊള്ളാനാകും. കൊറിന്ത്യ ദോഹ പഞ്ചനക്ഷത്ര ഹോട്ടൽ, ഗോൾഫ് കോഴ്സ്, ശീതീകരിച്ച ക്രിസ്റ്റൽ നടപ്പാത, പാർക്കുകൾ, ഹരിതപ്രദേശങ്ങൾ, പള്ളികൾ, ക്ലബ് ഹൗസ് എന്നിവയും നിർമിക്കുന്നുണ്ട്. യു.ഡി.സിയുടെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് നിക്ഷേപ പദ്ധതിയാണിത്. പദ്ധതിയുടെ പരമാവധി നിക്ഷേപ മൂല്യം മൂന്ന് ബില്യൺ ഖത്തർ റിയാൽ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.