ദോഹ: ശ്രീലങ്കയിൽ വിസ കേന്ദ്രം ആരംഭിച്ചതിന് പിന്നാലെ ബംഗ്ലാദേശിലും രണ്ടിടങ്ങളിലാ യി ഖത്തർ ആഭ്യന്തരമന്ത്രാലയം വിസാ കേന്ദ്രങ്ങൾ ആരംഭിച്ചു. ധാക്കയിലും ഷില്ലെറ്റിലുമാണ് കേന്ദ്രങ്ങൾ ഉള്ളത്. ഖത്തറിലേക്കുള്ള തൊഴിലാളികളുടെ വിസ നടപടിക്രമങ്ങൾക്ക് അവരുടെ നാട്ടിൽതന്നെ സൗകര്യമേർപ്പെടുത്തുന്നതിന് എട്ട് രാജ്യങ്ങളിലായി 20 കേന്ദ്രങ്ങളെന്ന ആഭ്യന്തരമന്ത്രാലയത്തിെൻറ പദ്ധതിയുടെ ഭാഗമായാണ് പുതിയ വിസാ കേന്ദ്രങ്ങൾ. പ്രഥമ വിസാ കേന്ദ്രം ഇക്കഴിഞ്ഞ ഒക്ടോബറിൽ ശ്രീലങ്കയിൽ ആരംഭിച്ചിരുന്നു. ഖത്തർ റെസിഡൻറ് പെർമിറ്റ് ലഭിക്കുന്നതിനുള്ള മെഡിക്കൽ, ഫോറൻസിക് ആൻഡ് ഫിംഗർ പ്രിൻറ്, തൊഴിൽ കരാർ തുടങ്ങിയ നടപടിക്രമങ്ങൾക്ക് തൊഴിലാളികളുടെ നാട്ടിൽ തന്നെ സൗകര്യമേർപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അത് വഴി ഖത്തറിലിറങ്ങിയ ദിവസം തന്നെ തൊഴിലാളിക്ക് ജോലിയിൽ പ്രവേശിക്കാൻ സാധിക്കുന്നുവെന്നും പാസ്പോർട്ട് വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ അതീഖ് പറഞ്ഞു. ശ്രീലങ്കക്കും ബംഗ്ലാദേശിനും പുറമേ, ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ, തുനീഷ്യ, ഫിലിപ്പൈൻസ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലാണ് മറ്റു വിസാ കേന്ദ്രങ്ങൾ ആരംഭിക്കാനിരിക്കുന്നത്. മെഡിക്കൽ പരിശോധന, ബയോമെട്രിക് വിവരശേഖരണം, തൊഴിൽ കരാർ ഒപ്പുവെക്കൽ എന്നിവ അതത് രാജ്യങ്ങളിൽ തന്നെ പൂർത്തിയാക്കുന്നതാണ് പദ്ധതി. ബംഗ്ലാദേശിലെ ഖത്തർ അംബാസഡർ അഹ്മദ് ബിൻ മുഹമ്മദ് അൽ ദിഹൈമി, ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടിലെ യൂണിഫൈഡ് സർവീസ് ഡിപാർട്ട്മെൻറ് ഡയറക്ടർ മേജർ ജനറൽ അബ്ദുല്ല സാലിം അൽ അലി, ബംഗ്ലാദേശ് എക്സ്പാട്രിയേറ്റ് വെൽഫെയർ ആൻഡ് ഓവർസീസ് എംപ്ലോയ്മെൻറ് മന്ത്രി നൂറുൽ ഇസ്ലാം തുടങ്ങിയവർ വിസാ കേന്ദ്രം ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.