ദോഹ: വിയറ്റ്നാം, കംബോഡിയ രാജ്യങ്ങളിൽ നിന്നും ഗാർഹിക ജോലിക്കാരെ ഖത്തർ റിക്രൂട്ട്മെൻറ് ചെയ്യുന്നു. ഇത് സംബന്ധിച്ച് വിയറ്റ്നാം, കംബോഡിയ രാജ്യങ്ങളുമായി ഖത്തർ ധാരണയായെന്നും തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം കരാർ ഒപ്പുവെച്ചുവെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഗാർഹിക ജോലിക്ക് കംബോഡിയ, വിയറ്റ്നാം രാജ്യങ്ങളിൽ നിന്നും തൊഴിലാളികളെ രാജ്യത്തെത്തിക്കുന്നതിന് മന്ത്രാലയവുമായി ബന്ധപ്പെടാം. ഇതുമായി ബന്ധപ്പെട്ട നടപടികളെല്ലാം പൂർത്തിയായതായും മന്ത്രാലയത്തിന് കീഴിലെ തൊഴിൽ വകുപ്പ് റിക്രൂട്ട്മെൻറ് ഏജൻസികളെ അറിയിച്ചു.
ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമായി പുതിയ രാജ്യങ്ങളിൽ നിന്നും ഗാർഹിക ജോലിക്കാരെ റിക്രൂട്ട്മെൻറ് ചെയ്യുന്നതിനുള്ള തടസ്സങ്ങൾ നീക്കുന്നതിന് തൊഴിൽ മന്ത്രാലയം ശ്രമിക്കുകയാണ്. ഇതോടെ രാജ്യത്തെ പൗരന്മാർക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കൂടുതൽ അവസരം ലഭിക്കും. റിക്രൂട്ട്മെൻറ് ഏജൻസികൾക്ക് കൂടുതൽ സാധ്യതകൾ ലഭിക്കുമെന്നും മന്ത്രാലയം കണക്കുകൂട്ടുന്നുണ്ട്. ഗാർഹിക–ഗാർഹികേതര ജോലിക്കായി തൊഴിലാളികളെ ഖത്തറിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി നാൽപതോളം രാജ്യങ്ങളുമായി ഖത്തർ കരാർ ഒപ്പുവെച്ചിട്ടുണ്ടെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇന്തോനേഷ്യയിൽ നിന്നും ഗാർഹിക ജോലിക്കായി റിക്രൂട്ട്മെൻറ് നടത്തുന്നതിന് ഇരുരാജ്യങ്ങളും ഈയടുത്ത് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.