വേൾഡ് നൊമാഡ് ഗെയിംസിൽ പങ്കെടുത്ത ഖത്തരി
അൽ ഗന്നാസ് സൊസൈറ്റി സംഘം
ദോഹ: കസാഖ്സ്താനിലെ അസ്താനയിൽ നടന്ന ലോക നാടോടി ഗെയിംസിൽ പങ്കെടുത്ത് ഖത്തരി അൽ ഗന്നാസ് സൊസൈറ്റിയും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പരമ്പരാഗത നാടോടി കായിക ഇനങ്ങളും വേട്ടയാടൽ രീതികളുമായി വിവിധ ടീമുകൾ മാറ്റുരച്ച മത്സരത്തിലാണ് ഖത്തറിന്റെ പരമ്പരാഗത ജീവിതത്തെ പ്രതിനിധീകരിച്ചുകൊണ്ട് അൽ ഗന്നാസ് സൊസൈറ്റിയും പങ്കു ചേർന്നത്.
അഞ്ചാമത് നൊമാഡ് ഗെയിംസിൽ ലോകത്തിലെ 88 രാജ്യങ്ങളിൽ നിന്നായി 2500ഓളം പേർ പങ്കെടുത്തു. അൽ ഗന്നാസ് സൊസൈറ്റി പ്രസിഡന്റ് അലി ബിൻ ഖാതാം അൽ മഹ്ഷദിയുടെ നേതൃത്വത്തിലാണ് സംഘം പങ്കെടുത്തത്.
അൽ ഗന്നാസ് സൊസൈറ്റി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫാൽകൺ ആൻഡ് ഹണ്ടിങ് ഫെസ്റ്റിവൽ (മർമി) ചാമ്പ്യൻഷിപ്പിന്റെ തയാറെടുപ്പുകളുടെ കൂടി ഭാഗമായാണ് ഖത്തറിന്റെ പങ്കാളിത്തമെന്ന് അദ്ദേഹം പറഞ്ഞു. വേട്ടനായ്കളും ഫാൽക്കൺ പക്ഷികളും വേട്ടയാടാനുള്ള അമ്പും വില്ലും, കുതിരയും ഉൾപ്പെടെ പരമ്പരാഗതമായ രീതികളുമായി മാറ്റുരക്കുന്നതാണ് വേൾഡ് നൊമാഡ് ഗെയിംസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.