അന്റാലിയ ഡിപ്ലോമസി ഫോറം ഉദ്ഘാടന ചടങ്ങിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തപ്പോൾ, തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ്
ഉർദുഗാൻ, പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശെരീഫ് എന്നിവരുമായി ഖത്തർ അമീർ കൂടിക്കാഴ്ചക്കിടെ
ദോഹ: അന്താരാഷ്ട്ര വിഷയങ്ങളിലും നയതന്ത്ര ചർച്ചകളിലും ശ്രദ്ധ കേന്ദ്രീകരിച്ച് തുർക്കിയയിലെ അന്റാലിയയിൽ ആരംഭിച്ച 'അന്താരാഷ്ട്ര ഡിപ്ലോമസി ഫോറം 2026' ഉദ്ഘാടന ചടങ്ങിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തു. തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ ക്ഷണപ്രകാരമാണ് തുർക്കിയ പ്രസിഡന്റ് ഫോറത്തിൽ പങ്കെടുത്തത്.
വെള്ളിയാഴ്ച നടന്ന പരിപാടിയിൽ വിവിധ രാഷ്ട്രത്തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു.
മാറിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങളും അന്താരാഷ്ട്ര വെല്ലുവിളികളും ചർച്ചയാകുന്ന ഫോറം 'മാപ്പിങ് ടുമോറോ, മാനേജിങ് അൺസെർട്ടനിറ്റീസ്' എന്ന പ്രമേയത്തിലാണ് സംഘടിപ്പിച്ചത്.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, അമീരി ദിവാൻ ചീഫ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി എന്നിവരും ഉദ്ഘാടന ചടങ്ങിൽ അമീറിനൊപ്പം പങ്കെടുത്തു.
ഇതിനിടെ, തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ശെരീഫ് എന്നിവരുമായി ഖത്തർ അമീർ കൂടിക്കാഴ്ച നടത്തി. പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങൾ ചർച്ച ചെയ്തു.
മേഖലയിലെ ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും, സംഘർഷം ലഘൂകരിക്കുന്നതിനും സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനും നയതന്ത്ര പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച നടന്നു. പൊതു താൽപര്യമുള്ള മറ്റു വിഷയങ്ങളിൽ പരസ്പരം കാഴ്ചപ്പാടുകൾ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.