കോഴിക്കോട് ഉൾപ്പെടെ കൂടുതൽ സ്ഥലങ്ങളിലേക്ക് സർവിസ്; ഖത്തർ എയർവേസ് പുതുക്കിയ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു

ദോഹ: സമ്മർ സീസൺ മുന്നൊരുക്കത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവിസ് വ്യാപിപ്പിച്ച് ഖത്തർ എയർവേസ്. പുതിയ സർവിസ് ഷെഡ്യൂളിൽ നിരവധി റൂട്ടുകൾ ദോഹയിലേക്കും തിരിച്ചും ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂൺ 16 മുതൽ സെപ്റ്റംബർ 15 വരെ 150ലധികം സ്ഥലങ്ങളിലേക്കുള്ള പുതുക്കിയ ഷെഡ്യൂളാണ് ഖത്തർ എയർവേസ് പുറത്തിറക്കിയത്.

പുതുക്കിയ ഷെഡ്യൂളിൽ കോഴിക്കോട്ടേക്കും സർവിസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ കൊച്ചി, തിരുവനന്തപുരം, ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു, അമൃതസർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവിസുകൾ തുടരും. വരാനിരിക്കുന്ന വേനൽക്കാലത്ത് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ യാത്രകൾ ആസൂത്രണം ചെയ്യാൻ സഹായിക്കുന്നതാണ് പുതിയ നീക്കം.

നിലവിൽ ഫെബ്രുവരി 28നും സെപ്റ്റംബർ 15നും ഇടയിൽ ടിക്കറ്റെടുത്തവർക്ക് ഒക്ടോബർ 31 വരെയുള്ള മറ്റൊരു തീയതിയിലേക്ക് സൗജന്യമായി യാത്ര മാറ്റാവുന്നതാണ്. സീറ്റുകളുടെ ലഭ്യതക്കും സീസൺ നിരക്കുകൾക്കും ഇത് ബാധകമായിരിക്കും. കൂടാതെ, സൗജന്യമായ റീഫണ്ടിന് അർഹതയുണ്ടായിരിക്കും.

നിലവിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് പുതുക്കിയ സമയവിവരങ്ങൾ നേരിട്ട് അറിയിക്കും. യാത്രക്കാർ തങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്നും വെബ്‌സൈറ്റോ ആപ്പോ വഴി വിവരങ്ങൾ പരിശോധിക്കണമെന്നും ഖത്തർ എയർവേസ് നിർദേശിച്ചു. സാങ്കേതികമോ സുരക്ഷാപരമോ ആയ കാരണങ്ങളാൽ വിമാന സമയക്രമത്തിൽ മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ, കൺഫേം ചെയ്ത ടിക്കറ്റ് ഇല്ലാത്തവർ വിമാനത്താവളത്തിലേക്ക് എത്തരുതെന്നും വ്യക്തമാക്കി.

Tags:    
News Summary - Qatar Airways releases updated schedule with more flights, including to Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.