ദോഹ: ഖത്തറിലെ താമസക്കാർക്ക് ആരോഗ്യസേവന രംഗത്ത് വിപ്ലവകരമായ മാറ്റവുമായി പൊതുജനാരോഗ്യ മന്ത്രാലയം. ഇനി മുതൽ രാജ്യത്തെ താമസക്കാർക്ക് ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ ഉൾപ്പെടെയുള്ള സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടുന്നതിന് ഹെൽത്ത് കാർഡിന് പകരം ഖത്തർ ഐഡി (ക്യു.ഐ.ഡി) ഉപയോഗിക്കാം. ഇത് സംബന്ധിച്ച ഔദ്യോഗിക സർക്കുലർ പൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം ബിൻ സഅദ് അൽ മഹ്മൂദ് പുറത്തിറക്കി.
ഹെൽത്ത് കാർഡിനും വാർഷിക പുതുക്കലിനുമായുള്ള നിലവിലുള്ള ഫീസുകൾ മാറ്റമില്ലാതെ തുടരും. ഹെൽത്ത് കാർഡ് നമ്പർ ക്യു.ഐ.ഡിയുമായി സംയോജിപ്പിക്കും. രോഗികൾ ഖത്തർ ഐഡി കാണിക്കുമ്പോൾ, ആരോഗ്യ കേന്ദ്രങ്ങളിലെ സിസ്റ്റം വഴി അവരുടെ ഹെൽത്ത് നമ്പർ പരിശോധിക്കുകയും സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്യും. ആരോഗ്യരംഗത്തെ നടപടിക്രമങ്ങൾ ലളിതമാക്കാനും, സർക്കാർ രേഖകൾ ഏകീകരിക്കാനും, രോഗികൾക്ക് മികച്ച ചികിത്സാ സൗകര്യം നൽകാനും ലക്ഷ്യമിട്ടാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിർണായക തീരുമാനം.
ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുമ്പോൾ താമസക്കാരും പൗരന്മാരും നിർബന്ധമായും ഖത്തർ ഐഡി കൈവശം വെക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. 2026 ലെ പത്താം നമ്പർ സർക്കുലർ പ്രകാരം, താമസക്കാർക്കായി ഇനി മുതൽ ഹെൽത്ത് കാർഡുകൾ പുതുതായി അച്ചടിക്കില്ല. നേരത്തേ, ഖത്തരി പൗരന്മാർക്ക് സൗജന്യമായി ഹെൽത്ത് കാർഡിന് പകരം ക്യുഐഡി നൽകാൻ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.