പൊതുജനങ്ങൾക്കായി തുറന്നുനൽകിയ അൽ ഗാനിം പൊതു പാർക്കിങ് ഏരിയ
ദോഹ: രാജ്യത്തെ പൊതു പാർക്കിങ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പഴയ അൽ ഗാനിമിൽ പൊതു പാർക്കിങ് സംവിധാനം പ്രാബല്യത്തിൽ വന്നു. അൽ ഗാനിമിൽ പഴയ ബസ് സ്റ്റേഷൻ നിലനിന്നിരുന്ന പ്രദേശത്താണ് മുനിസിപ്പാലിറ്റി മന്ത്രാലയവും കർവ (മുവാസലാത്ത്)യും സംയുക്തമായി സ്ഥാപിച്ച പുതിയ പാർക്കിങ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
രാജ്യത്തെ പാർക്കിങ് നിയന്ത്രിക്കുന്നതിനുള്ള 13/2021 നമ്പർ നിയമമനുസരിച്ച്, പൊതു പാർക്കിങ് നിയന്ത്രിക്കാനുള്ള മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഓൾഡ് അൽ ഗാനിമിൽ പുതിയ പാർക്കിങ് തുറക്കുന്നതെന്ന് ദോഹ മുനിസിപ്പാലിറ്റി മേധാവി മൻസൂർ അജ്റാൻ അൽ ബുഐനൈൻ പറഞ്ഞു.
നഗരത്തിലെയും പാർപ്പിട പരിസരങ്ങളിലെയും ജീവിതനിലവാരം മെച്ചപ്പെടുത്തുകയും പാർക്കിങ് സ്ഥലങ്ങൾ ക്രമീകരിച്ചും ഗതാഗത സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും തിരക്കേറിയ പ്രധാന സ്ഥലങ്ങളിലെ ഗതാഗതക്കുരുക്ക് അവസാനിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അൽ ബുഐനൈൻ കൂട്ടിച്ചേർത്തു.
ഓൾഡ് അൽ ഗാനിമിലെ പഴയ ബസ് സ്റ്റേഷൻ നിലനിന്നിരുന്ന പ്രദേശത്ത് പുതിയ പാർക്കിങ് തുറന്നുകൊടുക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട യാത്രാസൗകര്യവും ഒപ്പം പാരിസ്ഥിതികവും സാമ്പത്തികവുമായ സുസ്ഥിരതയുമാണ് ലക്ഷ്യമിടുന്നതെന്ന് മുവാസലാത്ത് സി.എ.ഒ അഹ്മദ് അബ്ദുറഹ്മാൻ അൽ മുഫ്തഹ് പറഞ്ഞു.
രാജ്യത്തിന്റെ സുപ്രധാന ഭാഗങ്ങളിൽ ഗതാഗതം സുഗമമാക്കുന്നതിനും പൊതുജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി സേവനങ്ങൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി നിരന്തരം പരിശ്രമിക്കുന്നുണ്ടെന്നും അൽ മുഫ്തഹ് വ്യക്തമാക്കി.
അത്യാധുനിക പാർക്കിങ് മാനേജ്മെന്റ് സംവിധാനത്തിലൂടെ പാർക്കിങ് സംഘാടനത്തിലും കൈകാര്യംചെയ്യുന്നതിലും വൈദഗ്ധ്യമുള്ള എം/എസ് കമ്പ്യൂട്ടർ സ്റ്റേഷൻ കമ്പനിയുടെ സഹകരണത്തോടെയാണ് മന്ത്രാലയം പ്രദേശത്ത് പാർക്കിങ് ക്രമീകരിച്ചിരിക്കുന്നത്. പ്രദേശത്ത് സൗകര്യപ്രദമായ പാർക്കിങ് സേവനം ഉറപ്പാക്കാനും സെൻട്രൽ ദോഹ സന്ദർശിക്കുന്നത് എളുപ്പമാക്കാനും പുതിയ പാർക്കിങ് സഹായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.