ദോഹ: വ്രതവിശുദ്ധിയുടെ പുണ്യ റമദാനിലേക്ക് ഇനി ദിവസങ്ങളുടെ ദൂരം മാത്രം. നോമ്പ് തുറക്കാനും നോമ്പ് തുടങ്ങാനും ആവശ്യമായ ഈത്തപ്പഴം തേടുന്നവർക്ക് ഏറ്റവും മികച്ചതും പുതുപുത്തനുമായ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരവുമായി പ്രദർശനമേളക്ക് തുടക്കം കുറിക്കുകയാണ് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം.
ഹസാദ് ഫുഡ് കമ്പനിയുമായി സഹകരിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രദർശനത്തിന് ഉംസലാൽ സെൻട്രൽ മാർക്കറ്റിൽ ചൊവ്വാഴ്ച തുടക്കമാവും. ഉംസലാൽ വിന്റർ ഫെസ്റ്റിവലിന്റെ സമാപനത്തോടനുബന്ധിച്ചാണ് ഈത്തപ്പഴ മേളക്ക് തുടക്കം കുറിക്കുന്നത്. റമദാൻ വ്രതാരംഭമെന്ന് പ്രതീക്ഷിക്കുന്ന മാർച്ച് ഒന്നുവരെയാണ് പ്രദർശനം.
വിശ്വാസികൾക്ക് നോമ്പുകാലത്ത് ആവശ്യമായ വ്യത്യസ്തയിനം ഈത്തപ്പഴങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യവുമായാണ് വൈവിധ്യമാർന്ന മികച്ചയിനം ഈത്തപ്പഴങ്ങളുമായി പ്രദർശനത്തിന് മന്ത്രാലയം ആതിഥേയത്വമൊരുക്കുന്നത്.
ദിവസവും രാവിലെ ഒമ്പത് മുതൽ ഉച്ച ഒന്നുവരെയും, വൈകീട്ട് നാല് മുതൽ രാത്രി എട്ടുവരെയുമാണ് മേള. ഖത്തറിലെ പ്രാദേശിക കാർഷിക ഫാമുകളിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താനും ഉപഭോക്താക്കൾക്ക് മികച്ച ഈത്തപ്പഴങ്ങൾ ലഭ്യമാക്കാനും മന്ത്രാലയം നേതൃത്വത്തിൽ നടത്തുന്ന പ്രദർശനത്തിലൂടെ സാധിക്കുമെന്ന് കാർഷിക കാര്യ വിഭാഗം ഡയറക്ടർ യൂസുഫ് ഖാലിദ് അൽ ഖുലൈഫി അറിയിച്ചു.
കഴിഞ്ഞ വർഷം നവംബറിലാണ് വിവിധ പ്രദർശനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഉംസലാൽ സെൻട്രൽ മാർക്കറ്റ് കേന്ദ്രീകരിച്ച് ശൈത്യകാല മേളക്ക് തുടക്കം കുറിച്ചത്. തദ്ദേശീയ ഉൽപന്നങ്ങൾക്ക് പിന്തുണ നൽകിക്കൊണ്ട് ആറോളം പ്രദർശനങ്ങളാണ് ശൈത്യകാല മേളയിൽ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.