ദോഹ: ഖത്തറിന്റെ ആകാശത്ത് കൂറ്റൻ പട്ടങ്ങളുമായി വിസ്മയമൊരുക്കാൻ കൈറ്റ് ഫെസ്റ്റിവൽ വീണ്ടും ഒരുങ്ങുന്നു. ശൈത്യതകാല വിനോദങ്ങളിൽ ജനപ്രിയമായ 'ഖത്തർ കൈറ്റ് ഫെസ്റ്റിവലിന്റെ' നാലാം പതിപ്പ് ജനുവരി 15ന് ആരംഭിക്കും. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തരായവർ വരെ മാറ്റുരക്കുന്ന ഫെസ്റ്റിവലിൽ, വൈവിധ്യമാർന്ന കുടുംബ വിനോദ പരിപാടികളും കോർത്തിണക്കിക്കൊണ്ടാണ് സംഘടിപ്പിക്കുന്നത്. ജനുവരി 24 വരെ മേള നീണ്ടുനിൽക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 20 പ്രൊഫഷണൽ പട്ടം പറത്തൽ ടീമുകൾ ഇത്തവണ കൈറ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്. പകലും രാത്രിയുമായി നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പട്ടങ്ങളുടെ ദൃശ്യവിസ്മയമാകും ഇവർ ആകാശത്ത് ഒരുക്കുന്നത്. കലാപരമായി ഡിസൈൻ ചെയ്ത പട്ടങ്ങൾ, കാർട്ടൂൺ കഥാപാത്രങ്ങളുടെ മാതൃകയിലുള്ള പട്ടങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പട്ടങ്ങൾ സന്ദർശകർക്ക് ആസ്വദിക്കാം.
കുട്ടികൾക്കുവേണ്ടി പട്ടം നിർമാണ വർക്ക്ഷോപ്പുകൾ, സൗജന്യമായി പട്ടം നൽകുന്ന പരിപാടി, കിഡ്സ് സോണുകൾ, പ്ലേ ഗ്രൗണ്ടുകൾ എന്നിവയും മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സാംസ്കാരിക പ്രകടനങ്ങൾ, കാർണിവൽ പരേഡുകൾ, സ്റ്റേജ് ഷോകൾ തുടങ്ങിയ വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. വിവിധ ഫുഡ് കോർട്ടുകളും വേദിക്കരികിൽ ലഭ്യമാകും.
കഴിഞ്ഞ വർഷങ്ങളിൽ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മേളയിൽ, ഇത്തവണയും ആയിരക്കണക്കിന് സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദോഹയുടെ ആകാശത്ത് വലിയ പട്ടങ്ങൾ കൊണ്ട് നിറയുന്ന കാഴ്ച കാണാൻ വിദേശികളുൾപ്പെടെയുള്ള സന്ദർശകരുടെ വലിയ നിര തന്നെയുണ്ടാകും. വരും ദിവസങ്ങളിൽ മേളയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.