സൂഖ് വാഖിഫിൽ ഏഷ്യൻ നട്സ് ആൻഡ് ഡ്രൈ ഫ്രൂട്ട്സ് എക്സിബിഷനിലെ തിരക്ക്
ദോഹ: ഉയർന്ന ഗുണമേന്മയുള്ള നട്സുകളും വൈവിധ്യമാർന്ന ഡ്രൈ ഫ്രൂട്ട്സിന്റെയും വിപുലമായ ശേഖരവുമായി സൂഖ് വാഖിഫിൽ രണ്ടാമത് ‘ഏഷ്യൻ നട്സ് ആൻഡ് ഡ്രൈ ഫ്രൂട്ട്സ് എക്സിബിഷൻ’ ആരംഭിച്ചു. മാർച്ച് ഒന്നുവരെ സൗഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ വൈകീട്ട് 7.30 മുതൽ അർധരാത്രി വരെ എക്സിബിഷൻ പ്രവർത്തിക്കും. സന്ദർശകർക്ക് മിതമായ വിലയിൽ മികച്ച ഗുണമേന്മയുള്ള നട്സ്, ഉണക്കിയ പഴങ്ങൾ, മധുരപലഹാരങ്ങൾ, തേൻ, അനുബന്ധ ഉൽപന്നങ്ങൾ എന്നിവയുടെ വിശാലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്.
അതേസമയം ഗരൻഗാവോ ആഘോഷങ്ങൾക്ക് മുന്നോടിയായി മധുരപലഹാരങ്ങൾക്കും എക്സിബിഷനിൽ കൂടുതൽ ആവശ്യക്കാരുണ്ട്. ഖത്തർ, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ, തുർക്കിയ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, യമൻ, ഒമാൻ തുടങ്ങിയ ഒമ്പത് ഏഷ്യൻ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 40 ലധികം കമ്പനികളാണ് നട്സ് ആൻഡ് ഡ്രൈ ഫ്രൂട്ട്സ് എക്സിബിഷൻ പങ്കെടുക്കുന്നത്. റമദാനിൽ നട്സുകൾക്ക് കൂടുതൽ ആവശ്യക്കാരുള്ളതിനാലും ഗരൻഗാവോ, പെരുന്നാൾ, മറ്റ് ഒത്തുചേരലുകൽ തുടങ്ങിയ ആഘോഷങ്ങളും കണക്കിലെടുത്താണ് പ്രദർശനത്തിന് ഈ സമയം തിരഞ്ഞെടുത്തതെന്ന് എക്സിബിഷൻ ജനറൽ സൂപ്പർവൈസർ ഖാലിദ് സൈഫ് അൽ സുവൈദി പറഞ്ഞു.
പ്രദർശനത്തിന്റെ തുടർച്ചയായി പത്ത് ദിവസത്തെ ഈദ് സ്വീറ്റ്സ് എക്സിബിഷനും നടക്കും. പെരുന്നാൾ ആഘോഷവുമായി ഏറെ ആവശ്യക്കാരുള്ള മിഠായികൾ, നട്സുകൾ, പലഹാരങ്ങൾ എന്നിവ ഇവിടെ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.