ദോഹ: 2023ലെ ഫിയ മിഡിലീസ്റ്റ് റാലി ചാമ്പ്യൻഷിപ്പിന്റെ (എം.ഇ.ആർ.സി) രണ്ടാം റൗണ്ട് ഖത്തർ ഇന്റർനാഷനൽ റാലിയുടെ തുടക്കവും സമാപനവും അൽമഹാ ഐലൻഡിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ലുസൈൽ വിന്റർ വണ്ടർലാൻഡ്, നാമോസ് ബീച്ച് ക്ലബ്, അവാർഡിനർഹമായ റസ്റ്റാറന്റുകൾ എന്നിവയുൾപ്പെടുന്ന അൽമഹാ ഐലൻഡ് ഖത്തറിന്റെ പുതിയ വിനോദകേന്ദ്രങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്.
ഖത്തറിന്റെ പുതിയതും ഐതിഹാസികവുമായ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമായ അൽമഹാ ദ്വീപിലാണ് ഖത്തർ ഇന്റർനാഷനൽ റാലി ആരംഭിക്കുന്നതും അവസാനിക്കുന്നതുമെന്നും ഖത്തർ മോട്ടോർ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ അംറ് അൽ ഹമദ് പറഞ്ഞു. വ്യാഴാഴ്ച തുടക്കമായ ശേഷം ശനിയാഴ്ച വൈകീട്ട് ഫിനിഷിങ് ആഘോഷങ്ങളും ഇവിടെ നടക്കുമെന്നും അൽ ഹമദ് കൂട്ടിച്ചേർത്തു.
2023ലെ ഫിയ മിഡിലീസ്റ്റ് റാലി ചാമ്പ്യൻഷിപ്പിന്റെ (എം.ഇ.ആർ.സി) രണ്ടാംഘട്ടമായ ഖത്തർ ഇന്റർനാഷനൽ റാലിയുടെ ആരംഭ, സമാപന ചടങ്ങുകൾക്ക് ആതിഥേയത്വം വഹിക്കുന്നതിൽ ഏറെ ആവേശഭരിതരാണെന്ന് ഇസ്തിഥ്മാർ ഹോൾഡിങ് ഗ്രൂപ് സി.ഇ.ഒ ഹെൻഡ്രിക് ക്രിസ്റ്റെൻസൻ പറഞ്ഞു.
ലുസൈൽ മറീന പ്രൊമനേഡിന് കുറുകെ സ്ഥിതി ചെയ്യുന്ന അൽ മഹാ ഐലൻഡ്, ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 30 മിനിറ്റ് അകലെയാണ് സ്ഥിതി ചെയ്യുന്നത്. ലുസൈൽ ട്രാമിലെ എസ് പ്ലനേഡ് സ്റ്റേഷനിൽ നിന്നും അഞ്ച് മിനിറ്റ് ദൂരത്തിലുള്ള ഐലൻഡിലേക്ക് കാറിൽ എളുപ്പത്തിൽ എത്തിച്ചേരാനും സാധിക്കും. ഇത് പ്രദേശത്തെ വ്യാപാരത്തിനും വിനോദത്തിനും അനുകൂലമായ അന്തരീക്ഷമൊരുക്കുന്നു.
സൂപ്പർ കാറുകൾക്കും ക്ലാസിക് കാറുകൾക്കുമായി നീക്കിവെച്ച അൽ മഹാ ഡ്രൈവ് എന്ന സവിശേഷ ഡ്രൈവിങ് അനുഭവവും അൽ മഹാ ഐലൻഡ് വാഗ്ദാനം ചെയ്യുന്നു. 2022 നവംബറിൽ സന്ദർശകർക്കായി തുറന്നു കൊടുത്ത ഐലൻഡ് പ്രതിവർഷം 150 ലക്ഷത്തിലധികം സന്ദർശകരെ ആകർഷിക്കുന്നതിലൂടെ ഖത്തറിന്റെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ നിർണായക പങ്ക് വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.