ബീച്ച് അറ്റ്ലസ് പട്ടികയിൽ ഇടം നേടിയ ഇൻലാൻഡ് സീയുടെ ദൃശ്യങ്ങളും ഇൻലാൻഡ് സീ ഉൾപ്പെടുന്ന ഖത്തറിന്റെ ഭൂപടവും
ദോഹ: തെക്കു വടക്കായി 590 കിലോമീറ്ററോളം കടൽത്തീരമുള്ള മലയാളികളുൾപ്പെടെ പ്രവാസികളെയും അതിശയിപ്പിക്കുന്ന കാഴ്ചയാണ് ഖത്തറിലെ ‘ഇൻലാൻഡ്’ കടലോരം. മരുഭൂമിയാൽ ചുറ്റപ്പെട്ട പ്രദേശത്തേക്ക് നുഴഞ്ഞുകയറി നെഞ്ചുവിരിച്ച് നിൽക്കുന്ന വിശാലമായൊരു കടൽ. അറേബ്യൻ ഉൾക്കടലിനാൽ ചുറ്റപ്പെട്ട ഖത്തറിന്റെ ഭൂപടത്തിൽ അപൂർവമായൊരു സുന്ദര കാഴ്ചയായി നിലകൊള്ളുകയാണ് മരുഭൂമിക്കുള്ളിലേക്കായി കയറി നിൽക്കുന്ന ഇൻലാൻഡ് കടൽ തീരം. ലോകമെങ്ങുമുള്ള കടൽത്തീരങ്ങൾക്കിടയിലെ ഖത്തറിന്റെ ഈ വേറിട്ട കാഴ്ച ഇന്ന് ലോകത്തെ മികച്ചവയുടെ പട്ടികയിലും ഇടം പിടിച്ചുകഴിഞ്ഞു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബീച്ച് അറ്റ്ലസ് തയാറാക്കിയ നൂറ് ബെസ്റ്റ് ബീച്ച് പട്ടികയിൽ ഒന്നായി ഖോർ അൽ ഉദയ്ദ് എന്നറിയപ്പെടുന്ന ഇൻലാൻഡ് സീയും ഇടം പിടിച്ചിരിക്കുന്നു.
കാഴ്ചയിലെ സൗന്ദര്യത്തിനൊപ്പം തന്നെ ജൈവവൈവിധ്യവും സാമൂഹ്യ, സാംസ്കാരിക ഘടകങ്ങള്‍ കൂടി പരിഗണിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ടൂറിസം മേഖലയിലെ വിദഗ്ധര്‍, മാധ്യമപ്രവര്‍ത്തകര്‍, ഇന്‍ഫ്ലുവന്‍സര്‍മാര്‍, ഫോട്ടോഗ്രാഫര്‍മാര്‍, ബ്ലോഗര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത വോട്ടെടുപ്പിലൂടെ 2024ലെ ലോകത്തെ ഏറ്റവും മികച്ച 100 കടൽ തീരങ്ങളെ തെരഞ്ഞെടുത്തപ്പോൾ അവയിൽ 89ാം സ്ഥാനത്താണ് ഖത്തറിന്റെ തെക്കു കിഴക്കൻ ഭാഗത്തായുള്ള ഇൻലാൻഡ് സീ. ഗൾഫ് രാജ്യങ്ങൾ ഉൾക്കൊള്ളുന്ന മിഡിൽ ഈസ്റ്റിൽ നിന്നും പട്ടികയിൽ ഇടം നേടിയത് ഇൻലാൻഡ് സീ ഉൾപ്പെടെ മൂന്ന് തീരങ്ങൾ മാത്രമാണ്. ബീച്ച് അറ്റ്ലസിന്റെ 2024ലെ ഗോൾഡൻ ബീച്ച് അവാർഡാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. യു.എ.ഇയിലെ ജുമൈറ ബീച്ച് (എട്ടാം സ്ഥാനം), സൗദി അറേബ്യയിലെ ഉംലുജ് ബീച്ച് (41ാം സ്ഥാനം), ഈജിപ്തിലെ ഷാർമ് അൽ ശൈഖ് (69) എന്നിവയാണ് മേഖലയിൽ നിന്നും പട്ടികയിൽ ഉള്ള മറ്റു കടലോരങ്ങൾ. അറേബ്യന്‍ ഒറിക്സ്, ദേശാടന പക്ഷികള്‍, ഫ്ലമിംഗോകള്‍, ആമകള്‍ തുടങ്ങി ജൈവവൈവിധ്യത്തിന്റെ കേന്ദ്രമാണ് ഇൻലാൻഡ്. കടലും മരുഭൂമിയും സംഗമിക്കുന്ന അപൂര്‍വ ഇടമെന്ന പ്രത്യേകത കൂടിയുണ്ട്. സൂര്യോദയവും അസ്തമയവും ആസ്വദിക്കുന്നതിനായി നിരവധിപേരാണ് ഇന്‍ലാന്‍ഡ് സീയില്‍ എത്തുന്നത്. ജൈവ വൈവിധ്യവും, സൗന്ദര്യവും പോലെ ഖത്തറിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഒരുപാട് കഥകളും ഈ കടലോരത്തിനുണ്ടെന്നത് പ്രത്യേകതയാണ്. 2007 മുതൽ ഖത്തറിന്റെ സംരക്ഷിത പ്രകൃതിയായി ഖോർ അൽ ഉദയ്ദ് കടൽതീരത്തെ പ്രഖ്യാപിച്ചിരുന്നു. മരുഭൂമിയിലൂടെ ഡ്രൈവിങ് നടത്തി കടൽ തീരത്ത് എത്തിച്ചേരുന്ന ടൂറിസത്തിൽ ഏറെ ശ്രദ്ധേയമാണ് ഇൻലാൻഡ് ഉൾപ്പെടെ ഖത്തറിന്റെ തീര പ്രദേശങ്ങൾ.
ഫ്രഞ്ച് പോളിനേഷ്യയിലെ ബോറ ബോറയാണ് ലോകത്തിലെ ഏറ്റവും സുന്ദരമായ കടൽ തീരമായി പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ദക്ഷിണാഫ്രിക്കയിലെ ബൗൾഡേഴ്സ്, അമേരിക്കയിലെ വൈകികി, ബ്രസീലിലെ കോപകബാന എന്നിവ ആദ്യ സ്ഥാനങ്ങളിലുണ്ട്. ഏഷ്യയിൽ നിന്നും തായ്ലൻഡിലെ പട്ടായ ബീച്ച് (12), ഇന്തോനേഷ്യയിലെ കെലിങ്കിങ് ബീച്ച് (34), ഇന്ത്യയിലെ ബാഗ ബീച്ച് (35), ജപ്പാനിലെ ഒകിനാവ ബീച്ച് (36), ഫിലിപ്പീൻസിലെ ഹിഡൻ ബീച്ച് പലവാൻ (37), ദക്ഷിണ കൊറിയയിലെ ബുസാൻ ഹ്യൂൻഡേ ബീച്ച് (55), ഫിലിപ്പീൻസിലെ നകപാൻ ബീച്ച് (65), തായ്ലൻഡിലെ റൈലി ബീച്ച് വെസ്റ്റ് (66), ഇന്ത്യയിലെ ഗോവൻ തീരത്തെ ഗോകർണ ബീച്ച് (78), സിംഗപ്പൂരിലെ സിലോസോ ബീച്ച് (91) എന്നിവയും നൂറ് കടലോരങ്ങളുടെ പട്ടികയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.