ദോഹ: ഖത്തറിൽ ഹയ്യ കാർഡ് കാലാവധി 2024 ജനുവരി 24 വരെ നീട്ടി. ഹയ്യ കാർഡുള്ളവർക്ക് ഖത്തറിലേക്ക് ഒരു വർഷം ഒന്നിലധികം പ്രാവശ്യം പ്രവേശിക്കുകയും പുറത്ത് പോവുകയും ചെയ്യാവുന്ന ‘മൾട്ടിപ്പിൾ എൻട്രി’ അനുവദിക്കും. ആരാധകർക്കും സംഘാടകർക്കുമുള്ള ഫാൻ, ഓർഗനൈസർ ഹയ്യ കാർഡിന്റെ സാധുത നീട്ടുന്നതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലാണ് അറിയിച്ചത്. ഖത്തര്‍ ലോകകപ്പിന്റെ ഫാന്‍, ഓർഗനൈസർ ഐ.ഡിയായ ഹയ്യ കാര്‍ഡ് നവംബര്‍ ഒന്നുമുതല്‍ രാജ്യത്തേക്കുള്ള എന്‍ട്രി പെര്‍മിറ്റ് കൂടിയായിരുന്നു.
ജനുവരി 23നായിരുന്നു ഹയ്യ കാർഡിന്റെ കാലാവധി അവസാനിച്ചത്. അതാണ് ഇപ്പോൾ നീട്ടിയിരിക്കുന്നത്. പുതിയ പ്രഖ്യാപനമനുസരിച്ച്, രാജ്യത്തിന് പുറത്തുള്ള ഹയ്യ കാർഡ് ഉടമകൾക്ക് 2023 ജനുവരി 30 മുതൽ 2024 ജനുവരി 24 വരെ ഖത്തറിൽ പ്രവേശിക്കാൻ അനുവാദമുണ്ട്. ഹയ്യ കാർഡുള്ളവർ വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കുമ്പോൾ ചില വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഹോട്ടൽ റിസർവേഷന്റെയോ കുടുംബവുമായോ സുഹൃത്തുക്കളുമായോ ഉള്ള താമസത്തിന്റെയോ തെളിവ്, സാധുതയുള്ള പാസ്പോർട്ട്, ആരോഗ്യ ഇൻഷുറൻസ് കവറേജ്, മടക്ക ടിക്കറ്റ് എന്നിവയുൾപെടെയുള്ള വ്യവസ്ഥകളാണുള്ളത്. ഹയ്യ കാർഡിന്റെ കാലാവധി നീട്ടുന്നതിനായി പ്രത്യേക ഫീസൊന്നും നൽകേണ്ടതില്ല. മൂന്ന് കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ക്ഷണിക്കുകയും ചെയ്യാം.
2023 ജനുവരി 23 വരെയേ കാർഡിന് നേരത്തേ സാധുത ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ ഭൂരിഭാഗം ഹയ്യ കാർഡ് ഉടമകളും ഖത്തറിൽനിന്ന് മടങ്ങിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് തീയതി നീട്ടിയതായി മന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ് വന്നത്. ഖത്തറിന് പുറത്തുനിന്നുള്ള ഹയ്യ കാർഡ് ഉടമകൾക്ക്- ഫാൻ, ഓർഗനൈസർ ഹയ്യ കാർഡ് ഉടമകൾ-നിബന്ധനകൾ പാലിക്കുകയാണെങ്കിൽ രാജ്യത്തേക്ക് പ്രവേശിക്കാൻ പുതിയ അറിയിപ്പിലൂടെ അവസരം ഒരുങ്ങിയിരിക്കുകയാണ്. ഖത്തറിൽ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ആദ്യഘട്ടം 2023 ഫെബ്രുവരി ഒന്നിന് ആരംഭിക്കും. ഇതുപ്രകാരം ഖത്തറിലെത്തുന്ന എല്ലാ സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കണം.
ലോകകപ്പ് സമയത്ത് രാജ്യത്ത് പ്രവേശിക്കണമെങ്കിൽ ഹയ്യ കാർഡ് നിർബന്ധമായിരുന്നു. ആരാധകര്‍ക്ക് പുറമെ മലയാളികള്‍ അടക്കമുള്ള പ്രവാസികളുടെ കുടുംബങ്ങളും ഈ സംവിധാനം പ്രയോജനപ്പെടുത്തി. നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 23 വരെയായിരുന്നു ഇങ്ങനെ ഖത്തറിലേക്ക് വരാന്‍ അവസരം. വിവിധ സേവനങ്ങൾ ഉറപ്പുനൽകുന്ന ഹയ്യ കാർഡ് പ്രധാനമായും എട്ട് മേഖലകളിലായാണ് ലോകകപ്പ് സമയത്ത് ആരാധകർക്ക് ഉപയോഗപ്പെട്ടത്. വിദേശ കാണികൾക്ക് ഖത്തറിലേക്കുള്ള പ്രവേശനാനുമതി, സ്റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനം, മെട്രോ-ബസ് സൗജന്യ സേവനം, ഫാൻ സോണുകളിലേക്കുള്ള പ്രവേശനം, വിവിധ സേവനങ്ങളിലുള്ള ഇളവുകൾ, സൗജന്യ സിം കാർഡ് തുടങ്ങിയവയായിരുന്നു അവയിൽ പ്രധാനപ്പെട്ടത്. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, ഗതാഗത മന്ത്രാലയം, നഗരസഭ മന്ത്രാലയം എന്നിവ ചേർന്നാണ് ഹയ്യ കാർഡ് നടപ്പാക്കിയത്.
നവംബർ ഒന്നു മുതൽ ഹയ്യ കാർഡുവഴി രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചുതുടങ്ങിയതോടെ വിമാനത്താവളങ്ങൾ വഴിയും കര, സമുദ്ര അതിർത്തി കടന്നും ലക്ഷങ്ങളാണ് പിന്നീടുള്ള ദിനങ്ങളിൽ എത്തിയത്. ആദ്യഘട്ടത്തിൽ മാച്ച് ടിക്കറ്റുള്ളവർക്ക് മാത്രമായിരുന്നു ഹയ്യ കാർഡ് അനുവദിച്ചത്. എന്നാൽ, ഗ്രൂപ് റൗണ്ട് പൂർത്തിയായതിനു പിന്നാലെ മാച്ച് ടിക്കറ്റില്ലാത്തവർക്കും നിശ്ചിത ഫീസോടെ ഹയ്യ കാർഡ് അനുവദിച്ചതോടെ മലയാളികൾ ഉൾപെടെ ആയിരക്കണക്കിനാളുകൾ ആ ആനുകൂല്യം ഉപയോഗപ്പെടുത്തി രാജ്യത്തെത്തിയിരുന്നു.
ഹയ്യ കാർഡ്: പാലിക്കേണ്ട വ്യവസ്ഥകൾ
ഖത്തർ സന്ദർശിക്കുന്ന ഹയ്യ കാർഡ് ഉടമകൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ
2022 ഫിഫ ലോകകപ്പ് സമയത്ത് ഉപയോഗിച്ച എല്ലാ തരം ഹയ്യ കാർഡ് ഉടമകൾക്കും മുകളിൽ പറഞ്ഞ വ്യവസ്ഥകൾ ബാധകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.