ഖത്തർ അമീർ -സിംഗപ്പുർ പ്രധാനമന്ത്രി ചർച്ച; പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും വിലയിരുത്തി
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും സിംഗപ്പുർ പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ലോറൻസ് വോങ്ങും തിങ്കളാഴ്ച അമിരി ദിവാനിൽ ഔദ്യോഗിക ചർച്ച നടത്തി. ചർച്ചയുടെ തുടക്കത്തിൽ സിംഗപ്പൂർ പ്രധാനമന്ത്രിയെയും പ്രതിനിധി സംഘത്തെയും ഖത്തർ അമീർ സ്വാഗതം ചെയ്തു. കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും, പ്രത്യേകിച്ച് സാമ്പത്തിക, നിക്ഷേപ മേഖലകൾ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ച ചെയ്തു. പരസ്പര താൽപര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും വിലയിരുത്തി.
ഇതിനിടെ ഖത്തർ -സിംഗപ്പൂർ ഹൈലെവൽ ജോയന്റ് കമ്മിറ്റി യോഗത്തിന്റെ മിനിറ്റ്സ് ഒപ്പുവെച്ചു. എൽ.എൻജി, കാർബൺ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണവുമായി ബന്ധപ്പെട്ട് ഖത്തർ എനർജിയും സിംഗപ്പുർ വാണിജ്യ വ്യവസായ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം പുതുക്കുന്നതിനുള്ള രേഖകളും കൈമാറി.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, അമിരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി, മറ്റു മന്ത്രിമാർ എന്നിവർ സന്നിഹിതരായിരുന്നു.
സിംഗപ്പൂർ ഭാഗത്തുനിന്ന് വിദേശകാര്യ മന്ത്രി ഡോ. വിവിയൻ ബാലകൃഷ്ണൻ, വിദേശകാര്യ -ആഭ്യന്തര മന്ത്രാലയങ്ങളിലെ സഹമന്ത്രി സുൽക്കർനൈൻ അബ്ദുൽ റഹീം, പ്രതിനിധി സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. ചർച്ചകൾക്ക് ശേഷം സിംഗപ്പുർ പ്രധാനമന്ത്രിക്കും പ്രതിനിധി സംഘത്തിനും ഖത്തർ അമീർ ഉച്ചവിരുന്നും ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.