ഗ്ലോബൽ സെക്യൂരിറ്റി ഫോറം ആരംഭിച്ചു; ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ഉദ്ഘാടനം ചെയ്തു
ദോഹ: ഗ്ലോബൽ സെക്യൂരിറ്റി ഫോറത്തിന്റെ എട്ടാമത് പതിപ്പ് ദോഹയിൽ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ഉദ്ഘാടനം ചെയ്തു. 'സഖ്യങ്ങളുടെ ഭാവി' എന്ന പ്രമേയത്തിൽ നടക്കുന്ന ഫോറത്തിൽ നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ, രാഷ്ട്ര നേതാക്കൾ, നയതന്ത്രജ്ഞർ എന്നിവർ പങ്കെടുക്കും. ആഗോള സുരക്ഷാ സഖ്യങ്ങളുടെ ഭാവിയെക്കുറിച്ചും കൂട്ടായ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും ചർച്ച ചെയ്യും.
മേഖലയിലെ നിലവിലെ സംഘർഷങ്ങളും പ്രാദേശിക തർക്കങ്ങളും ആഗോള കൂട്ടായ്മകൾക്കും അന്താരാഷ്ട്ര സുരക്ഷക്കും വെല്ലുവിളി ഉയർത്തുന്ന നിർണായക ഘട്ടത്തിലാണ് ഈ വർഷത്തെ സുരക്ഷാ ഫോറം നടക്കുന്നത്. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താനും അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്താനുമുള്ള നിർണായക തീരുമാനങ്ങൾ ചർച്ചയിലൂടെ രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഗോള സുരക്ഷ, നയതന്ത്ര ചർച്ച, മധ്യസ്ഥത എന്നിവയുടെ പ്രാധാന്യവും സമ്മേളനം ചർച്ച ചെയ്യും. ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസ്സൻ ആൽഥാനി, ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി, മറ്റ് മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.