എൻജിനീയേഴ്സ് ഫോറം "കേരളോത്സവം' വെള്ളിയാഴ്ച
ദോഹ: സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എൻജിനീയേഴ്സ് ഫോറം സംഘടിപ്പിക്കുന്ന കേരളോത്സവം 2026 വെള്ളിയാഴ്ച ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (ക്യു.എൻസി.സി) നടക്കും. ചടങ്ങിൽ ചലച്ചിത്രതാരം ധ്യാൻ ശ്രീനിവാസൻ മുഖ്യാതിഥിയായി പങ്കെടുക്കും. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത് ശങ്കർ എസ്. നായർ വിശിഷ്ടാതിഥിയായിരിക്കും. എൻജിനീയേഴ്സ് ഫോറം ഖത്തറുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 19 പൂർവവിദ്യാർഥി സംഘടനകൾ പങ്കെടുക്കുന്ന പൂക്കളമത്സരമാണ് പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന്. ഓരോ സംഘടനയും ഒരുക്കുന്ന പൂക്കളങ്ങൾക്കൊപ്പം എൻജിനീയേഴ്സ് ഫോറം ഖത്തർ ഒരുക്കുന്ന വിപുലമായ പൂക്കളം കൂടി സംയോജിപ്പിച്ച് മനോഹരമായ മെഗാ പൂക്കളം ഒരുക്കും. ഫോറം അംഗങ്ങളുടെ വിവിധ സാംസ്കാരിക പരിപാടികൾക്കു പുറമെ, പ്രശസ്ത ദക്ഷിണേന്ത്യൻ സംഗീതബാൻഡായ ഗന്ധർവാസിന്റെ ലൈവ് സംഗീതനിശയും അരങ്ങേറും.
ജനപ്രിയ ഗായകരായ ശ്രീരാഗും നന്ദയും സംഗീതവിരുന്നിന് നേതൃത്വം നൽകും. തുടർന്ന് ഡി.ജെ കാർത്തിക്കിന്റെ സംഗീതാവതരണത്തോടെ ആഘോഷങ്ങൾക്ക് സമാപനമാകും.
വാർത്താസമ്മേളനത്തിൽ എൻജിനീയേഴ്സ് ഫോറം ഖത്തർ പ്രസിഡന്റ് അഷീഖ് അഹമ്മദ്, ജനറൽ സെക്രട്ടറി നിധിൻ എന്നിവർ സംസാരിച്ചു. പ്രഫഷണൽ മികവ്, സംരംഭകത്വം, സാമൂഹിക ഇടപെടൽ, പരസ്പര സഹകരണം എന്നിവ കൂടുതൽ ശക്തിപ്പെടുത്തി എൻജിനീയേഴ്സ് ഫോറത്തെ പുതിയ മേഖലകളിലേക്ക് ഉയർത്തുന്നതിനായി ആവിഷ്കരിച്ച ഒരു വർഷം നീണ്ടുനിൽക്കുന്ന ഇലവേറ്റ് എൻജിനീയേഴ്സ് ഫോറം പദ്ധതിയുടെ ലക്ഷ്യങ്ങൾ ആഷിഖ് അഹ്മദ് വിശദീകരിച്ചു. ചടങ്ങിൽ സ്പോൺസർമാർ, മാധ്യമപ്രവർത്തകർ, ഗവേണിങ് ബോർഡ് ചെയർമാൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വിവിധ അലുമ്നി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. എൻജിനീയേഴ്സ് ഫോറം ഖത്തർ ജോയന്റ് ട്രഷറർ ഫെൻസീർ സ്പോൺസർഷിപ്പ് ക്യാമ്പയിന്റെ പുരോഗതി വിശദീകരിച്ചു. ചടങ്ങിൽ സ്പോൺസർമാരുടെ പ്രതിനിധികൾക്ക് സ്പോൺസർഷിപ്പ് അംഗീകാര രേഖകൾ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.