ദോഹ: ഭീകരവാദത്തിനെതിരായ ഖത്തറിെൻറ പോരാട്ടവും നയനിലപാടുകളും അഭിനന്ദനാർഹമാണെന്ന് ഇറ്റാലിയൻ പ്രതിരോധമന്ത്രി റോബർട്ട പിനോട്ടി.
ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരായ പോരാട്ടത്തിൽ ഖത്തറുമായി ഇറ്റലി കരാറിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും ദീർഘകാലമെടുത്ത് മാത്രമേ ഭീകരവാദത്തെ ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂവെന്നും അതിനാൽ ഈ മേഖലയിൽ കൂടുതൽ സഹകരണം അനിവാര്യമാണെന്നും പിനോട്ടി വ്യക്തമാക്കി. ദോഹയിൽ നടന്ന ഡിംഡെക്സ് 2018നോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്ര–സാംസ്കാരിക പ്രചരണങ്ങളിലൂടെ ഹിംസയെ നേരിടുന്ന ഖത്തറിെൻറ നിലപാട് പ്രശംസിക്കപ്പെടേണ്ടതാണ്. തീവ്രവാദമെന്നത് ഒരു മതവുമായി ബന്ധപ്പെട്ടതല്ലെന്നും ഇറ്റാലിയൻ പ്രതിരോധമന്ത്രി പറഞ്ഞു. നിലവിലെ ഗൾഫ് പ്രതിസന്ധിയിൽ ഏറെ ആശങ്കയുണ്ട്. എന്നാൽ രാജ്യങ്ങൾ പരസ്പരമിരുന്ന് ചർച്ച ചെയ്ത് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇറ്റലിയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വളരെ ആഴത്തിലുള്ളതാണ്. കഴിഞ്ഞ ഒക്ടോബറിൽ ഖത്തർ സന്ദർശിച്ച താൻ ഇപ്പോൾ ഡിംഡെക്സുമായി ബന്ധപ്പെട്ടും ഖത്തറിലെത്തിയിരിക്കുകയാണെന്നും സുരക്ഷ, പ്രതിരോധ മേഖലയിൽ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ബന്ധത്തിെൻറ ദൃഢതയാണിത് സൂചിപ്പിക്കുന്നതെന്നും പിനോട്ടി വിശദീകരിച്ചു.
പ്രതിരോധമേഖലയിൽ ഖത്തറും ഇറ്റാലിയൻ കമ്പനികളുമായുള്ള രണ്ട് കരാറുകൾ വളരെ പ്രധാനപ്പെട്ടതാണെന്നും സംയുക്ത പരിശീലനത്തിലടക്കം ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം വളർത്താനും ശക്തമാക്കാനും കരാർ ഗുണം ചെയ്യുമെന്നും ഇറ്റാലിയൻ മന്ത്രി സൂചിപ്പിച്ചു. അതേസമയം, ഖത്തറിനായി റൈഫിൾ വിതരണം ചെയ്യുന്നതിെൻറ ഭാഗമായി ഇറ്റാലിയൻ കമ്പനിയായ ബെറെട്ടയുമായി ഖത്തർ കരാറിൽ ഒപ്പുവെച്ചു. ഇത് കൂടാതെ ലിയനാഡോ കമ്പനിയുമായി 28 ഇടത്തരം വലുപ്പമുള്ള രണ്ട് എഞ്ചിനോട് കൂടിയ എൻ എച്ച് 90 സൈനിക ഹെലികോപ്്റ്ററുകൾ വാങ്ങുന്നത് സംബന്ധിച്ചുള്ള കരാറിൽ ഖത്തർ ഒപ്പുവെച്ചു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്വിയ്യയും ഇറ്റാലിയൻ പ്രതിരോധമന്ത്രി റോബർട്ട പിനോട്ടിയും കരാർ ഒപ്പുവെക്കൽ ചടങ്ങിൽ സംബന്ധിച്ചു. ആറാമത് ഡിംഡെക്സുമായി ബന്ധപ്പെട്ടാണ് ഖത്തറും ഇറ്റാലിയൻ കമ്പനികളും തമ്മിലുള്ള കരാറുകളിൽ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.