ദോഹ: അയൽരാജ്യങ്ങളാൽ കര–വ്യോമ–നാവിക മേഖലകളിൽ ഉപരോധിക്കപ്പെട്ടെങ്കിലും ഉപരോധത്തെ പ്രതിരോധിക്കുന്നതിലും അതിജീവിക്കുന്നതിലും ഖത്തർ മുന്നോട്ടുവെച്ച നയനിലപാടുകൾക്ക് അമേരിക്കയുടെ പ്രശംസ. പ്രതിസന്ധി പരിഹാരത്തിന് അമേരിക്ക നേരിട്ട് ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മൂന്ന് മാസത്തിനുള്ളിൽ പരിഹാരം കാണുമെന്നും മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരു രാജ്യത്തെ ആടിയുലക്കേണ്ടിയിരുന്ന ഉപരോധമെന്ന കൊടുങ്കാറ്റിനെ ഖത്തർ അതിജീവിച്ചിരിക്കുന്നു. അവസാന എട്ട് മാസത്തിനിടയിൽ മുഴുവൻ പ്രതികൂല സാഹചര്യങ്ങളിലും പ്രകടമാക്കിയ ശക്തിയും ധൈര്യവും ഏറെ പ്രശംസിക്കേണ്ടതാണെന്നും ദോഹയിലെ യു.എസ് എംബസി ചാർജ് ദി അഫേഴ്സ് റ്യാൻ ഗ്ലീഹ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പരിഹാരം കാണുന്നതിനായി വരുന്ന മൂന്ന് മാസത്തിനുള്ളിൽ അമേരിക്ക നേരിട്ട് തന്നെ ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉന്നത തലത്തിലുള്ള ഖത്തർ–അമേരിക്ക തന്ത്രപ്രധാനമായ ചർച്ചകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ, അടിയുറച്ച ബന്ധത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും നിരവധി ധാരണാ പത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചെന്നും ഗ്ലീഹ വ്യക്തമാക്കി. നിക്ഷേപ മേഖലയിൽ ഖത്തർ മുന്നോട്ട് വെച്ച വാഗ്ദാനം സംബന്ധിച്ച് പഠിക്കുകയാണ്. രാഷ്ട്രീയ സഹകരണം, പ്രതിരോധം, ഭീകരവിരുദ്ധ പോരാട്ടം, വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിലായി സംയുക്ത സഹകരണം ഉറപ്പാക്കുന്ന മൂന്ന് പ്രധാനപ്പെട്ട രേഖകളിലാണ് ഖത്തറും അമേരിക്കയും ഒപ്പുവെച്ചിരിക്കുന്നത്.
വർഷത്തിലുള്ള ഖത്തർ–അമേരിക്ക ചർച്ചകൾ സംബന്ധിച്ച ധാരണാപത്രത്തിലും ഒപ്പുവെച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. മേഖലാതലത്തിലെ സുരക്ഷാ താൽപര്യങ്ങൾ സംബന്ധിച്ച് ഇരുരാജ്യങ്ങളും സംയുക്ത പ്രഖ്യാപനം നടത്തിയിട്ടുണ്ട്. കൂടാതെ മനുഷ്യക്കടത്ത് തടയുന്നതിനായി ഇരുരാജ്യങ്ങളും ധാരണാ പത്രത്തിൽ ഒപ്പുവെച്ചു. ശാസ്ത്രം, സാംസ്കാരികം, വിദ്യാഭ്യാസം, മാധ്യമ നയങ്ങൾ, സുരക്ഷ തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളുടെയും പൊതുതാൽപര്യങ്ങൾക്ക് പരസ്പരം പിന്തുണ നൽകുന്നതിന് ഈ ചർച്ചകൾ ഏറെ ഉപകരിക്കും. ഗൾഫ് പ്രതിസന്ധിയിലെ പരിഹാരം അമേരിക്ക ഏറെ താൽപര്യത്തോടെയാണ് നോക്കിക്കാണുന്നത്. കുവൈത്ത് മധ്യസ്ഥതയുമായി ചേർന്ന് പ്രവർത്തിക്കാൻ അമേരിക്ക സന്നദ്ധമാണ്. ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളം അമേരിക്കയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണ്. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ സഹകരണം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.