ദോഹ: ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രിക്സിനോടനുബന്ധിച്ച് ദോഹ മെട്രോ, ലുസൈൽ ട്രാം സർവിസുകളുടെ സമയം മൂന്ന് ദിവസത്തേക്ക് ദീർഘിപ്പിച്ചു. ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിൽ കാർ റേസിങ്ങും മറ്റു വിനോദ പരിപാടികളും നടക്കുന്ന സാഹചര്യത്തിലാണ് സമയം നീട്ടിയത്. വിവിധ വിനോദ കലാപരിപാടികളോടെയാണ് പരിപാടികൾ നടക്കുക.
ദീർഘിപ്പിച്ച സമയം:
വെള്ളി - രാവിലെ 9 മുതൽ പുലർച്ച 1.30 വരെ
ശനി - രാവിലെ 5 മുതൽ പുലർച്ച 1.30 വരെ
ഞായർ -രാവിലെ 5 മുതൽ പുലർച്ച 2.30 വരെ
- പരിപാടികൾ ഇന്ന്
- പ്രകാശ വിസ്മയ കാഴ്ചകളുമായി അൽ ബിദ പാർക്കിൽ ലാന്റേൺ ഫെസ്റ്റിവൽ ആരംഭിച്ചു. കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും ഒന്നിച്ച് വിനോദ -ഉല്ലാസ പരിപാടികളിൽ പങ്കെടുക്കാം. കുട്ടികൾക്കായി ഇൻഫ്ലാറ്റബ്ളുകൾ, ആർക്കേഡ് ഗെയിമുകൾ എന്നിവയൊരുക്കി ഫാമിലി ഫൺ സോൺ സജ്ജമാണ്. മുതിർന്നവർക്ക് 40 ഖത്തർ റിയാലും കുട്ടികൾക്ക് 25 റിയാലുമാണ് ടിക്കറ്റ് നിരക്ക്.
- ഫോർമുല വൺ ഗ്രാൻഡ് പ്രിക്സ് ഇന്നുമുതൽ ലുസൈൽ അന്താരാഷ്ട്ര സർക്യൂട്ടിൽ. ഇതോടനുബന്ധിച്ചുള്ള ഫാൻ സോൺ പരിപാടിയിൽ എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ള വിനോദ പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
- കേരളത്തിലെ തെക്കൻ ജില്ലകളുടെ പ്രവാസി കൂട്ടായ്മയായ സൗത്ത് കേരള എക്സ്പാറ്റ്സ് അസോസിയേഷൻ (സ്കിയ) രക്തദാന ക്യാമ്പ് ഹമദ് മെഡിക്കൽ ബ്ലഡ് ഡൊണേഷൻ സെന്ററിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 55198270.
- ഖത്തർ മതകാര്യ വകുപ്പിന് കീഴിൽ ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കൾചറൽ സെന്റർ സംഘടിപ്പിക്കുന്ന കേരള കോൺഫറൻസ് വൈകീട്ട് 6.15ന് ദോഹ ബിൻ സൈദ് ഓഡിറ്റോറിയത്തിൽ നടക്കും. പ്രഭാഷകൻ താജുദ്ദീൻ സ്വലാഹി പ്രഭാഷണം നടത്തും.
- ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ കാർണിവൽ വെള്ളിയാഴ്ച വൈകീട്ട് മൂന്നു മുതൽ രാത്രി 9.30 വരെ സ്കൂൾ കാമ്പസിൽ നടക്കും. വിദ്യാർഥികളെയും രക്ഷിതാക്കളെയും ജീവനക്കാരെയും ഒരുമിപ്പിക്കുന്ന കാർണിവലിൽ വിദ്യാർഥികളുടെ സ്റ്റാളുകൾ, വിനോദ പരിപാടികൾ, വളന്റിയറിങ് ആക്ടിവിറ്റീസ് തുടങ്ങിയ പരിപാടികൾ ഉണ്ടായിരിക്കും.
- യു.എം.എ.ഐ 40ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വടംവലി മത്സരം വൈകീട്ട് അഞ്ചു മുതൽ അബ്സല്യൂട് സ്പോർട്സ് ഖത്തർ ഫൗണ്ടഷൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. സ്ത്രീകൾ ഉൾപ്പെടെയുള്ള കാണികൾക്ക് പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്.
- ഖത്തർ ഐ.എം.സി.സി ദോഹ സോൺ മുംതസ അമേരിക്കൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് രാവിലെ ഏഴു മുതൽ സി റിങ് റോഡിലുള്ള അമേരിക്കൻ ഹോസ്പിറ്റലിൽ നടക്കും. മുൻകൂട്ടി രജിസ്റ്റർചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 66256277, 77556760 നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
- ഖത്തർ വാണിമേൽ പ്രവാസി ഫോറം സംഘടിപ്പിക്കുന്ന ഏകദിന വോളിബാൾ ടൂർണമെന്റ് ‘സ്മാഷ്-25’ ഒരു മണി മുതൽ മിസൈമീർ ഹാമിൽട്ടൻ ഇന്റർനാഷനൽ സ്കൂൾ ഇൻഡോർ ഗ്രൗണ്ടിൽ നടക്കും. പ്രവേശനം സൗജന്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.