ദോഹ: മഹാപ്രളയത്തില്‍ കടുത്ത ദുരിതങ്ങള്‍ നേരിടുന്ന കേരളത്തിന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽതാനി അന്‍പത് ലക്ഷം ഡോളറിന്റെ(35കോടി ഇന്ത്യന്‍ രൂപ) അടിയന്തര സഹായം പ്രഖ്യാപിച്ചു. ദുരിതബാധിതരായ ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രകൃതിദുരന്തത്തില്‍ വീടുകള്‍ ഉള്‍പ്പടെ നഷ്ടപ്പെട്ടവര്‍ക്ക് താമസസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്‍പ്പടെയാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മഹാപ്രളയത്തില്‍ അനുശോചിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദിന് സന്ദേശം അയച്ചിരുന്നു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനിയും ഇന്ത്യന്‍പ്രസിഡന്റിന് അനുശോചനം അറിയിച്ചു. കേരളത്തിലെ പ്രളയദുരിതത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയും അനുശോചിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അദ്ദേഹം അനുശോചനസന്ദേശം അയച്ചു. അതേസമയം കേരളത്തിന് സഹായവുമായി ഖത്തര്‍ ചാരിറ്റിയും രംഗത്തുണ്ട്. സമാനതകളില്ലാത്ത വിധം പ്രളയക്കെടുതികള്‍ അഭിമുഖീകരിക്കുന്ന കേരളത്തെ സഹായിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ക്യാമ്പയിന് ഖത്തര്‍ ചാരിറ്റി തുടക്കംകുറിച്ചു.
ആദ്യ ഘട്ടത്തില്‍ അഞ്ചുലക്ഷം റിയാലിന്റെ സഹായപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഖത്തര്‍ ചാരിറ്റിയുടെ ഇന്ത്യയിലെ റപ്രസന്റേറ്റീവ് ഓഫീസ് മുഖേനയായിരിക്കും ഈ പ്രവര്‍ത്തനങ്ങള്‍. കേരളത്തില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ സഹായം ലഭ്യമാക്കാന്‍ പ്രത്യേക ഫണ്ട് സമാഹരണ പദ്ധതിക്കും ഖത്തര്‍ ചാരിറ്റി രൂപം നല്‍കിയിട്ടുണ്ട്. 40ലക്ഷത്തിലധികം റിയാല്‍(7.60കോടി രൂപ) സമാഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 60,000പേര്‍ക്ക് അടിയന്തരസഹായം എത്തിക്കുകയാണ് ലക്ഷ്യം. ഭക്ഷണം, മരുന്നുകള്‍, താമസസൗകര്യങ്ങള്‍ തുടങ്ങിയവ ഉറപ്പാക്കും. കാരുണ്യമനസ്‌കര്‍ക്ക്, പൗരന്‍മാരും പ്രവാസികളും ഉള്‍പ്പടെയുള്ളവര്‍ക്ക് ഖത്തര്‍ ചാരിറ്റി പദ്ധതിയിലേക്ക് സംഭാവനകള്‍ നല്‍കാം. കേരള ഫ്‌ളഡ് റിലീഫ് എന്ന പേരിലാണ് ക്യാമ്പയിന്‍.
രക്ഷാ കേന്ദ്രങ്ങളൊരുക്കുക, പൊതുവായ സഹായം, ഭക്ഷണ, ഭക്ഷണേതര സാധനങ്ങള്‍ എത്തിക്കുക, മെഡിക്കല്‍ സഹായം എന്നീ ആവശ്യയങ്ങള്‍ക്കു വേണ്ടിയാണു സഹായം നല്‍കാനാവുക. ഖത്തര്‍ ചാരിറ്റി നടത്തുന്ന ക്യാമ്പയിനിലേക്ക് സംഭാവനകള്‍ നല്‍കാം. ഖത്തര്‍ ചാരിറ്റി വെബ്‌സൈറ്റിലെ കേരള ഫ്‌ളഡ് റിലീഫ് പേജില്‍ ഷെല്‍ട്ടര്‍ വിഭാഗത്തില്‍ 500 റിയാല്‍ മുതല്‍ സംഭാവന നല്‍കാം. പൊതുവായ സംഭാവനകള്‍ വിഭാഗത്തില്‍ 10, 50, 100, 500, 1000 റിയാല്‍ മുതലും മരുന്നുവിതരണ വിഭാഗത്തില്‍ 500 റിയാല്‍ മുതലും ഭക്ഷ്യവിഭാഗത്തില്‍ 100 റിയാല്‍, ഭക്ഷ്യേതര വിഭാഗത്തില്‍ 150 റിയാല്‍ മുതലും സംഭാവനകള്‍ നല്‍കാം. എസ്എംഎസ് മുഖേന സഹായം ലഭ്യമാക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.