ഖത്തരി ദമ്പതിമാര്‍ക്കിടയില്‍ വിവാഹമോചന നിരക്ക് വര്‍ധിക്കുന്നു

ദോഹ: ഖത്തരി ദമ്പതിമാര്‍ക്കിടയില്‍ വിവാഹ മോചന നിരക്ക് വര്‍ധിക്കുന്നു. വികസനാസൂത്രണ, സ്ഥിതിവിവര വകുപ്പു മന്ത്രാലയത്തിലെ ജനസംഖ്യാ വിദഗ്ധന്‍ മുഹമ്മദ് അലി അക്ബീബ് നല്‍കുന്ന കണക്കനുസരിച്ച് ദമ്പതികള്‍ വേര്‍പിരിയുന്നത് കൂടി വരികയാണന്നും ഇത് ആശങ്കക്ക് കാരണമായിട്ടുണ്ടെന്നും പറയുന്നു. അര്‍റായ അറബി പത്രം റിപ്പോര്‍ട്ട് ചെയ്തതാണിത്. ഖത്തരി പൗരന്‍മാര്‍ക്കിടയിലെ വിവാഹമോചനത്തില്‍,  കഴിഞ്ഞ  15 വര്‍ഷത്തിനിടെ 71 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. വിവാഹ മോചനം വര്‍ധിക്കുന്നതിനെ കുറിച്ച് വിദഗ്ധര്‍ ചര്‍ച്ചകളും പഠനങ്ങളും ആരംഭിച്ചിട്ടുണ്ട്. മുഹമ്മദ് അലി അക്ബീബ് വെളിപ്പെടുത്തിയ കണക്കുകള്‍ പ്രകാരം 2000ല്‍ 471 ദമ്പതികളാണ് വേര്‍പിരിഞ്ഞത്. എന്നാല്‍ 15 വര്‍ഷം പിന്നിട്ടപ്പോള്‍ അത് 807 ആയി. എന്നാല്‍ തൊണ്ണൂറുകളിലും ഇതിന് മുമ്പും ഇതായിരുന്നില്ല കഥ. വിവാഹ മോചനത്തെ കുറിച്ച് ചിന്തിക്കാത്ത ദമ്പതികളായിരുന്നു അന്ന് ഉണ്ടായിരുന്നത്. തൊണ്ണൂറുകളില്‍ ഒരു വര്‍ഷത്തില്‍, വേര്‍പിരിയാനുള്ള തീരുമാനം എടുക്കുന്നതാകട്ടെ പത്തിന് താഴെ ദമ്പതികള്‍ മാത്രം. എന്നാല്‍ ഇപ്പോള്‍  വേര്‍പിരിയലിനുള്ള മാനസികാവസ്ഥ കൂടി വരുന്നത് രക്ഷിതാക്കളില്‍ വേദന ഉണര്‍ത്തുന്നതാണന്നും സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

വിവാഹ മോചനങ്ങള്‍ വര്‍ധിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്നുള്ള പ്രതിനിധികളെയും  സാമൂഹിക പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ഈയിടെ നടന്ന  പാനല്‍ ചര്‍ച്ചയില്‍ ഉയര്‍ന്നതും ഈ വികാരമാണ്. ജനസംഖ്യാ വിദഗ്ധന്‍ മുഹമ്മദ് അലി അക്ബീബ് അവതരിപ്പിച്ച പഠന റിപ്പോര്‍ട്ട് പ്രകാരം വിവിധതരത്തിലുള്ള പ്രശ്നങ്ങളാണ് ദാമ്പത്യത്തിന് അസ്വസ്ഥത ഉണ്ടാക്കുന്നത്. രക്ഷിതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലുകള്‍ ചില കുടുംബങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്തുന്നു. മറ്റ് ചിലയിടങ്ങളില്‍ സാമ്പത്തിക ധൂര്‍ത്ത്, ധാര്‍മ്മിക പ്രശ്നങ്ങള്‍, ഭര്‍ത്താക്കന്‍മാര്‍ ഭാര്യക്ക് മേല്‍ നടത്തുന്ന സമ്മര്‍ദങ്ങള്‍, ഇടപെടലുകളിലെ പൊരുത്തമില്ലായ്മ തുടങ്ങിയവയും ബന്ധങ്ങളിലെ ഊഷ്മളത ഇല്ലാതാക്കുന്നു.  അതിനൊപ്പം ദാമ്പത്യം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലും എത്തിചേരുന്നു. വിവാഹമോചന നിരക്ക് ഉയരുന്നതിനെ വിഷമത്തോടെയാണ് കാണുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകനായ അഹ്മദ് അല്‍ ബുഐനാന്‍ വ്യക്തമാക്കി. അന്യോന്യം ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്നതില്‍ ഉണ്ടാകുന്ന പാളിച്ചകളും പ്രായ വിത്യാസങ്ങളും സാമ്പത്തിക, വിദ്യാഭ്യാസ അസന്തുലിതാവസ്ഥ എന്നിവയെല്ലാം പിന്നീട് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ചിലര്‍ സ്വന്തം ഇഷ്ടം മാറ്റിവെച്ച് രക്ഷിതാക്കളുടെ അഭിപ്രായത്തിന് പ്രാധാന്യം നല്‍കി വിവാഹം കഴിക്കും. എന്നാല്‍ ഏറെ കഴിയുംമുമ്പെ പൊരുത്തമില്ലായ്മ പ്രകടമാകുകയും ദാമ്പത്യം അവസാനിപ്പിക്കുകയും ചെയ്യുന്നു. ഖത്തരി കുടുംബങ്ങളില്‍ അടുത്ത ബന്ധുക്കള്‍ക്കിടയില്‍ നടന്ന വിവാഹങ്ങളിലെ പിരിയല്‍ 19 ശതമാനമാണ്. അടുത്ത ബന്ധുക്കള്‍ക്കിടയിലല്ലാത്ത വിവാഹമോചനങ്ങള്‍ രാജ്യത്ത് 64 ശതമാനവുമാണന്ന് കണക്കുകള്‍ പറയുന്നു.

Tags:    
News Summary - qatar divorce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.