ഖത്തർ കപ്പ് ഫുട്ബാളിൽ അൽ അറബിക്കെതിരെ രണ്ടാം ഗോൾ നേടിയപ്പോൾ അൽ സദ്ദ് താരങ്ങളുടെ ആഹ്ലാദം
ദോഹ: അൽ അറബിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു കീഴടക്കിയ അൽ സദ്ദ്, ഖത്തർ കപ്പ് ഫുട്ബാളിന്റെ കലാശക്കളിയിലേക്കു മുന്നേറി. വ്യാഴാഴ്ച അൽ സദ്ദ് ക്ലബിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ സെമിഫൈനൽ മത്സരത്തിൽ സാന്റി കാസോർലയുടെ പാസിൽനിന്ന് വൂ യോങ് ജുങ്ങാണ് നിലവിലെ ലീഗ് ചാമ്പ്യന്മാരെ മുന്നിലെത്തിച്ചത്.
ഇടവേളക്ക് നിമിഷങ്ങൾ ബാക്കിനിൽക്കെ ബഗ്ദാദ് ബൂനെജായുടെ ഗോളിൽ അൽ സദ്ദ് ലീഡുയർത്തി. 73ാം മിനിറ്റിൽ പകരക്കാരനായി കളത്തിലെത്തിയ മൂസബ് ഖാദറും വലകുലുക്കിയതോടെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് അൽ സദ്ദ് മുന്നിലെത്തിയിരുന്നു. കളി തീരാൻ മൂന്നു മിനിറ്റ് മാത്രം ബാക്കിനിൽക്കെ, ബൂആലം ഖൂഖിയുടെ സെൽഫ് ഗോളാണ് ആശ്വാസമായി അൽ അറബിയുടെ അക്കൗണ്ടിലെത്തിയത്.
അൽ ദുഹൈലും അൽ വക്റയും തമ്മിലുള്ള രണ്ടാം സെമിഫൈനൽ വിജയികളാണ് ഏപ്രിൽ 16ന് നടക്കുന്ന കലാശക്കളിയിൽ അൽ സദ്ദിന്റെ എതിരാളികൾ. സെമിഫൈനൽ മത്സരങ്ങളിലെ ടിക്കറ്റ് വിൽപന വരുമാനം സിറിയയിലും തുർക്കിയയിലുമുണ്ടായ ഭൂകമ്പത്തിനിരയായവർക്ക് നൽകുമെന്ന് ഖത്തർ സോക്കർ ലീഗ് നേരത്തേ അറിയിച്ചിരുന്നു. ക്യു.എസ്.എല്ലിന്റെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ ഭാഗമായാണ് ഭൂകമ്പ ബാധിതർക്ക് സഹായം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.