ദോഹ: കോവിഡുമായി ബന്ധപ്പെട്ട് ഖത്തറിൽ നിലവിലുള്ള നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി എടുത്തുകളയുന്നു. ജൂൺ 15 മുതൽ തുടങ്ങി സെപ്റ്റംബറോടെ എല്ലാ നിയന്ത്രണങ്ങളും രാജ്യത്ത് നീക്കും. ആഗസ്റ്റ് മുതലുള്ള മൂന്നാം ഘട്ടത്തിൽ രാജ്യത്തേക്ക് മടങ്ങിവരുന്നവർക്കുള്ള വിമാനങ്ങൾ അനുവദിക്കും. നിലവിൽ വിദേശത്തുള്ള, രാജ്യത്തേക്ക് മടങ്ങിയെത്തുന്ന താമസക്കാർക്ക് വേണ്ടിയാണിത്. നിലവിൽ കോവിഡ് വ്യാപനം കുറവുള്ള രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക് ആഗസ്റ്റ് ഒന്നുമുതൽ ഖത്തറിലേക്ക് തിരിച്ചുവരാം. സെപ്റ്റംബറിൽ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും പ്രവർത്തനം പുനരാരംഭിക്കും. ജൂൺ 15 മുതൽ പള്ളികൾ നിയന്ത്രണങ്ങൾക്ക് വിധേയമായി തുറക്കുമെന്ന് ഇസ്ലാമിക കാര്യമന്ത്രാലയം ഔഖാഫ് അറിയിച്ചിട്ടുണ്ട്.
ദേശീയദുരന്തനിവാരണ പരമോന്നത കമ്മിറ്റി വക്താവ് ലുൽവ റാഷിദ് അൽ ഖാതിർ ആണ് നാല് ഘട്ടങ്ങളിലായി രാജ്യത്തെ നിയന്ത്രണങ്ങൾ നീക്കുന്നതിൻെറ വിവരങ്ങൾ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടത്. അനിശ്ചിതമായി പൊതുജീവിതം അടച്ചിടാൻ കഴിയില്ല. ഇതിനാൽ ഘട്ടംഘട്ടമായി നിയന്ത്രണങ്ങൾ നീക്കുകയാണ്.
ജൂൺ 15 മുതലാണ് നിയന്ത്രണങ്ങൾ നീക്കിതുടങ്ങുന്നതിൻെറ ഒന്നാം ഘട്ടം. ജൂലൈ ഒന്നുമുതലാണ് രണ്ടാംഘട്ടം. മൂന്നാംഘട്ടം ആഗസ്റ്റിലും നാലാംഘട്ടം സെപ്റ്റംബറിലുമാണ്. ആദ്യഘട്ടത്തിൽ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങൾ 40 ശതമാനം തുറക്കാനാണ് അനുവദിക്കുക. രണ്ടാം ഘട്ടത്തിൽ 60 ശതമാനവും മൂന്നാം ഘട്ടത്തിൽ 80 ശതമാനവും നാലാംഘട്ടത്തിൽ പൂർണമായും പ്രവർത്തിക്കാൻ അനുമതി നൽകും. അടിയന്തര സേവനങ്ങൾ നൽകാനായാണിത്.
നിയന്ത്രണങ്ങൾ പിൻവലിക്കൽ ഇങ്ങനെ,
ജൂൺ 15 മുതൽ:
1. ചുരുക്കം പള്ളികൾ ഈ ഘട്ടത്തിൽ തുറക്കും. കർശന നിയന്ത്രണങ്ങളോടെയാണിത്.
2. 20 ശതമാനം ജോലിക്കാർ ഓഫിസുകളിലെത്തി ജോലി ചെയ്യണം.
3. ഖത്തറിൽ നിന്ന് അടിയന്തര ഘട്ടങ്ങളിൽ ആവശ്യമുള്ളവർക്ക് പുറത്തുപോകാം. എന്നാൽ തിരിച്ചുവരുന്നവർ ഹോട്ടൽ ക്വാറൈൻറനിൽ സ്വന്തം ചെലവിൽ രണ്ടാഴ്ച കഴിയണം.
4. ഷോപ്പിങ് കേന്ദ്രങ്ങളിലെ ചില കടകൾ ഭാഗികമായി തുറക്കാം. 300 സ്ക്വയർ മീറ്ററിൽ താഴെയുള്ള കടകൾക്കാണ് അനുമതി. ആ വാണിജ്യകേന്ദ്രത്തിൻെറ ആകെ ശേഷിയുടെ 30 ശതമാനത്തിൽ അത് കൂടുകയും ചെയ്യരുത്.
5. ചില സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളുടെ 40 ശതമാനം സൗകര്യം മാത്രം അടിയന്തര സേവനങ്ങൾ നൽകാനായി പ്രവർത്തിപ്പിക്കാം.
6. ചില പാർക്കുകൾ വ്യായാമം നടത്താനായി അുവദിക്കും. എന്നാൽ 12 വയസിന് താെഴയുള്ള കുട്ടികൾക്ക് പ്രവേശനമുണ്ടാകില്ല.
7. തുറസ്സായ സ്ഥലങ്ങളിൽ മാത്രം കായിക പരിശീലനമാവാം. വിശാലമായ കായിക പരിശീലന ഹാളുകളിൽ അഞ്ചുപേരിൽ കൂടാൻ പാടില്ല.
ജൂലൈ ഒന്ന് മുതലുള്ള രണ്ടാം ഘട്ടം:
1. ചുരുങ്ങിയ മണിക്കൂറുകൾ മാളുകൾക്ക് പ്രവർത്തിക്കാം
2. മാർക്കറ്റുകളും ഹോൾസെയിൽ മാർക്കറ്റുകളും ആളുകളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം വരുത്തി നിശ്ചിത മണിക്കൂറുകൾ പ്രവർത്തിപ്പിക്കാം.
3. കുറഞ്ഞ ആളുകൾക്ക് പ്രവേശനം നൽകി റെസ്റ്റോറൻറുകൾ തുറക്കാം.
4. മ്യൂസിയങ്ങളും ലൈബ്രറികളും നിശ്ചിത ആളുകൾക്ക് പ്രവേശനം നൽകി നിശ്ചിത മണിക്കൂറുകൾ പ്രവർത്തിപ്പിക്കും.
5. 50 ശതമാനം ജീവനക്കാരും ഓഫിസുകളിലെത്തി ജോലി ചെയ്യണം. എല്ലാ കോവിഡ് പ്രതിരോധ നടപടികളും സ്വീകരിച്ചായിരിക്കണം ഇത്.
ആഗസ്റ്റ് മുതലുള്ള മൂന്നാം ഘട്ടം:
1. മുൻഗണനയുള്ള യാത്രക്കാർക്കായി ഈ ഘട്ടത്തിൽ മറ്റുരാജ്യങ്ങളിൽ നിന്ന് വിമാനങ്ങൾ ദോഹയിലേക്ക് അനുവദിക്കും. രാജ്യത്തേക്ക് മടങ്ങിയെത്തുന്ന താമസക്കാർക്ക് വേണ്ടിയാണിത്.
2. വാണിജ്യകേന്ദ്രങ്ങൾ പൂർണമായും പ്രവർത്തിപ്പിക്കും.
3. ഹോൾസെയിൽ മാർക്കറ്റുകൾ നിശ്ചിത ആളുകളെ പ്രവേശിപ്പിച്ച് നിശ്ചിത മണിക്കൂറുകൾ തുറക്കും.
4. നിശ്ചിത സമയം കൂടുതൽ ആളുകൾക്ക് പ്രവേശനം നൽകി റെസ്റ്റോറൻറുകൾ പ്രവർത്തിപ്പിക്കാം
5. ഡ്രൈവിങ് സ്കൂളുകൾ തുറക്കാൻ അനുമതി നൽകും
6. നഴ്സറി സ്കൂളുകളും ശിശുകേന്ദ്രങ്ങളും തുറക്കാം. മറ്റുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സെപ്റ്റംബറിൽ പ്രവർത്തനം പുനരാരംഭിക്കാം.
7. 80 ശതമാനം ജീവനക്കാരും ഓഫിസുകളിലെത്തി ജോലി ചെയ്യണം. കർശനമായ കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിച്ചായിരിക്കണം ഇത്.
8. ഹെൽത്ത് ക്ലബുകൾ, ഫിറ്റ്നസ് ഹാളുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവയിൽ 50 ശതമാനം ആളുകൾക്ക് മാത്രം പ്രവേശനം.
9. ബാർബർ ഷോപ്പുകൾ, ബ്യൂട്ടി സലൂണുകൾ, മസ്സാജ് സെൻററുകൾ എന്നിവ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തുറക്കാം.
സെപ്റ്റംബറിലെ നാലാംഘട്ടം:
1. വാണിജ്യകേന്ദ്രങ്ങൾ പൂർണമായും തുറന്നുപ്രവർത്തിക്കും.
2. മാർക്കറ്റുകളും ഹോൾസെയിൽ കേന്ദ്രങ്ങളും പൂർണമായും പ്രവർത്തിക്കും.
3. റെസ്റ്റോറൻറുകൾ പൂർണതോതിൽ തുറക്കാം.
4. മ്യൂസിയങ്ങളും ലൈബ്രറികളും പൂർണമായ തോതിൽ പ്രവർത്തിക്കും.
5. എല്ലാ ജീവനക്കാരും ഓഫിസുകളിലെത്തി ജോലി ചെയ്യാൻ തുടങ്ങും.
6. പൊതുജനാരോഗ്യമന്ത്രാലയത്തിൻെറ മാർഗനിർദേശങ്ങൾക്കനുസരിച്ച് വിമാനസർവീസുകൾ വർധിപ്പിക്കും.
7. ദോഹ മെട്രോ, കർവ തുടങ്ങിയ പൊതുഗതാഗത സേവനങ്ങൾ നിയന്ത്രണത്തോടെ പുനരാരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.