ഫീൽഡ് ആശുപത്രിയും മരുന്നും ഭക്ഷണവുമായി ഖത്തറിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ ഈജിപ്തിലെത്തിയപ്പോൾ
ദോഹ: നിർത്താതെ തുടരുന്ന ഇസ്രായേലിന്റെ കര, വ്യോമ ആക്രമണത്തിനിടെ ജീവിതം ദുസ്സഹമായ ഗസ്സയിലേക്ക് കൂടുതൽ ദുരിതാശ്വാസ സഹായമെത്തിച്ച് ഖത്തർ. ഖത്തർ സായുധസേനയുടെ രണ്ട് വിമാനങ്ങളാണ് ചൊവ്വാഴ്ച 54 ടൺ വസ്തുക്കളുമായി റഫ അതിർത്തിയോട് ചേർന്നുള്ള ഈജിപ്തിലെ അൽ അരിഷിലെത്തിയത്. ഫീൽഡ് ആശുപത്രി, താമസ സംവിധാനങ്ങൾ, മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ വഹിച്ചാണ് വിമാനങ്ങൾ എത്തിയത്.
ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ്, ഖത്തർ റെഡ് ക്രസന്റ് എന്നിവരുടെ നേതൃത്വത്തിലാണ് ഗസ്സയിലേക്ക് സഹായങ്ങൾ എത്തിച്ചത്. കഴിഞ്ഞ ആറാഴ്ചക്കിടെ വിവിധ ഘട്ടങ്ങളിൽ ഖത്തറിൽനിന്ന് ടൺ കണക്കിനാണ് സഹായമെത്തിച്ചത്. അൽ അരിഷിയിൽനിന്ന് റഫ അതിർത്തി കടന്ന് ട്രക്കുമാർഗം ഇവ ഗസ്സയിലെത്തും.
മേഖലയിൽ യുദ്ധം അവസാനിപ്പിക്കാനും മാനുഷിക സഹായങ്ങൾ കൂടുതലായെത്തിക്കാനും ഖത്തറിന്റെ നേതൃത്വത്തിൽ ശ്രമം തുടരുന്നതിനിടെയാണ് പല ഘട്ടങ്ങളിലായി ദുരിതാശ്വാസ വസ്തുക്കളും എത്തിക്കുന്നത്. ഏതാനും ദിവസം മുമ്പാണ് നാല് വിമാനങ്ങളിലായി 100 ടണ്ണിലേറെ വസ്തുക്കളെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.