ജെനിൻ ക്യാമ്പിന് നേരെയുള്ള ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് ഖത്തർ

ദോഹ: ജെനിൻ ക്യാമ്പിനെതിരായ ഇസ്രായേൽ ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തർ രംഗത്ത്. നിരവധി മരണങ്ങൾക്കും പരിക്കുകൾക്കും കാരണമായ ജെനിൻ ക്യാമ്പ് ആക്രമണം, നിരായുധരായ ഫലസ്തീൻ ജനതക്കെതിരെ അധിനിവേശ ശക്തിയുടെ ഹീനവും ഭീകരവുമായ കുറ്റകൃത്യങ്ങളുടെ തുടർച്ചയാണെന്നും ഖത്തർ വ്യക്തമാക്കി.

ഫലസ്തീനിൽ ഇസ്രായേൽ അധിനിവേശം മുമ്പത്തേക്കാൾ ശക്തമായിട്ടുണ്ട്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏൽപിക്കപ്പെട്ട് ശിക്ഷിക്കപ്പെടാതിരിക്കുന്നത് വൃദ്ധന്മാരും സ്ത്രീകളും കുട്ടികളുമുൾപ്പെടുന്ന സാധാരണക്കാരായ ഫലസ്തീൻ ജനതക്കെതിരെ ക്രൂരമായ ആക്രമണങ്ങൾ നടത്താൻ ഇസ്രായേലിനെ കൂടുതൽ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ആശുപത്രികളും സിവിലിയൻമാരുടെ സൗകര്യങ്ങളും അവർ തകർക്കുകയാണെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഫലസ്തീൻ ജനതക്കെതിരായ ഈ അതിക്രമങ്ങൾക്ക് അധിനിവേശ അധികാരികൾ മാത്രമാണ് ഉത്തരവാദികളെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര നിയമങ്ങളും മാനുഷിക പ്രശ്നങ്ങളും പാലിക്കുന്നത് ലോകത്തിലെ ഒരു പ്രത്യേക സ്ഥലത്ത് ലംഘിക്കാനോ അതിനെ മറികടക്കാനോ കഴിയില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത് അസ്വീകാര്യവും ഇരട്ടത്താപ്പുമാണ്.

ഫലസ്തീൻ വിഷയത്തിൽ ഖത്തറിന്റെ നിലപാടിൽ മാറ്റമില്ലെന്നും 1967ലെ അതിർത്തി പ്രകാരം കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര പരമാധികാര ഫലസ്തീനെന്ന അവിടത്തെ ജനതയുടെ നിയമാനുസൃത അവകാശത്തോടൊപ്പമാണ് ഖത്തറെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Qatar condemns Israeli attack on Jenin camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.