പ്രവാസി വെൽഫെയർ ആൻഡ് കൾച്ചറൽ ഫോറം സർവിസ് കാർണിവലിന്റെ ഉദ്ഘാടനം ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് സന്ദീപ് കുമാറും ഖത്തർ തൊഴില്‍ മന്ത്രാലയത്തിലെ യൂസഫ് അലി അബ്ദുല്‍ നൂറും ചേർന്ന് നിര്‍വഹിക്കുന്നു
ദോഹ: ഉന്നത പഠനമേഖലയിൽ പുതുവഴി തേടുന്ന വിദ്യാർഥികൾക്ക് വെളിച്ചമായി കരിയർ ഗൈഡൻസ്, നിക്ഷേപ സാധ്യതകൾ അന്വേഷിക്കുന്ന പ്രവാസികൾക്ക് വിവിധ പദ്ധതികളുമായി വിദഗ്ധരും സംരംഭകരും ആരോഗ്യത്തെക്കുറിച്ച് ആശങ്കയുമായെത്തുന്നവർക്കായി രക്തപരിശോധനയും ഡോക്ടർ കൺസൾട്ടേഷനും സംസ്ഥാന-കേന്ദ്ര സർക്കാറുകൾ പ്രവാസികൾക്കായി തയാറാക്കിയ പദ്ധതികൾ അറിയാനും അംഗമാവാനും ആഗ്രഹിച്ചെത്തുന്നവർക്ക് അതിനും ഉത്തരമുണ്ടായിരുന്നു.
പാട്ടുത്സവങ്ങളും ആഘോഷങ്ങളും സമ്മേളനങ്ങളും ഏറെ കണ്ട ഖത്തറിലെ പ്രവാസ മണ്ണിൽ സാമൂഹിക സേവനത്തിന്റെ പുതുമാതൃക തീർത്ത് പ്രവാസി വെൽഫെയർ ആൻഡ് കൾച്ചറൽ ഫോറം സംഘടിപ്പിച്ച സർവിസ് കാർണിവൽ.
പ്രവാസി വെൽഫെയർ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയുടെ പേര് സൂചിപ്പിക്കുംപോലെ സേവനങ്ങളുടെ ഉത്സവപ്പറമ്പായിരുന്നു അൽ വക്റ ബർവ വില്ലേജിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിന്റെ മുറ്റം. സ്കൂൾ മൈതാനിയെ ചുറ്റിയൊരുക്കിയ പവലിയനുകൾക്ക് മുന്നിൽ ഒരുപാട് ചോദ്യങ്ങളും പ്രശ്നങ്ങളും ആശങ്കകളുമായെത്തിയ ആയിരത്തോളം പ്രവാസികൾ ഉത്തരങ്ങളും നിറഞ്ഞ മനസ്സുമായി മടങ്ങിയ ഉത്സവം.
ഖത്തറിലെ പ്രവാസി സാമൂഹിക-സാംസ്കാരിക കൂട്ടായ്മകൾക്ക് പുതുമാതൃത തീർത്തുകൊണ്ട് സംഘടിപ്പിച്ച ‘സർവിസ് കാർണിവൽ’ സംഘാടനവും ഉള്ളടക്കവും കൊണ്ട് അതിശയിപ്പിച്ചു.
പ്രവാസികൾക്ക് നിത്യജീവിതത്തിലും ഭാവിയിലും ആവശ്യമായ എല്ലാം സേവനങ്ങളും ഒരു കുടക്കീഴില് അണിനിരത്തി സംഘടിപ്പിച്ച കാര്‍ണിവലിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് സന്ദീപ് കുമാറും ഖത്തല്‍ തൊഴില്‍ മന്ത്രാലയത്തിലെ ഒക്യുപേഷനല്‍ ഹെല്‍ത്ത് ആൻഡ് സേഫ്റ്റി ഡയറക്ടര്‍ യൂസഫ് അലി അബ്ദുല്‍ നൂറും ചേർന്ന് നിര്‍വഹിച്ചു.
സർവിസ് കാർണിവൽ പവലിയനിലെ തിരക്ക്
ഖത്തല്‍ തൊഴില്‍ മന്ത്രാലയത്തിലെ ലേബര്‍ റിലേഷന്‍ സ്പെഷാലിസ്റ്റ് ഖാലിദ് അബ്ദുറഹ്മാന് ഫക്രൂ, ഇന്‍സ്പെക്ടര്‍ ഹമദ് ജാബിര്‍ അല്‍ ബുറൈദി, ബഷീര്‍ അബൂ മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യ ഉപാധ്യക്ഷന്‍ ഹമീദ് വാണിയമ്പലം (10 വർഷത്തെ പ്രവാസി വെൽഫെയർ), ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദു റഹ്മാന് (ഹെൽത്ത് ആൻഡ് ഫിറ്റ്നസ്), ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗ്ലു (കരിയർ ആൻഡ് എജുക്കേഷൻ), ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ് (ഫൈനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ്), ഐ.സി.സി മുൻ പ്രസിഡന്റ് പി.എൻ. ബാബുരാജൻ (പ്രവാസി ക്ഷേമ പദ്ധതികൾ) എന്നിവർ വീവിധ പവലിയനുകൾ ഉദ്ഘാടനം ചെയ്തു.
കെ.സി. അബ്ദുറഹ്മാന്റെ സ്മരണാർഥം പ്രഖ്യാപിച്ച പുരസ്കാരം ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞിക്ക് സമ്മാനിച്ചു. റിയാദ് മെഡിക്കൽ സെന്റർ എം.ഡി ജംഷീർ ഹംസ, ഡയറക്ടർ ഡോ. അബ്ദുൽ കലാം, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ഫൈസൽ ഹുദവി, സംസ്കൃതി പ്രസിഡന്റ് സാബിത് സഹീർ, സി.ഐ.സി പ്രസിഡന്റ് ടി.കെ. ഖാസിം, യൂത്ത് ഫോറം പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ, പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന്, വൈസ് പ്രസിഡന്റുമാരായ സാദിഖലി സി, റഷീദലി മലപ്പുറം, നജ്ല നജീബ്, അനീസ് റഹ്മാന്, കാര്‍ണിവല്‍ ജനറല്‍ കണ്‍വീനര്‍ മജീദലി, കണ്‍വീനര്‍ താസീന്‍ അമീൻ, ശാന്തിനികേതൻ സ്കൂൾ പ്രസിഡന്റ് റഷീദ് അഹമ്മദ്, പ്രിൻസിപ്പൽ റഫീഖ് റഹീം, ഡോ. താജ് ആലുവ തുടങ്ങിയവര്‍ പങ്കെടുത്തു.
മള്‍ട്ടിപ്പിള്‍ ഇന്റലിജൻസ് അസസ്മെന്റ് ടെസ്റ്റില്‍ പങ്കെടുത്ത കുട്ടികളോടും അവരുടെ രക്ഷിതാക്കളോടും രാവിലെ നടന്ന സെഷനില്‍ വിദ്യാഭ്യാസ ഗവേഷകനും ഗ്രന്ഥകാരനുമായ എന്‍.എം. ഹുസൈന് സംവദിച്ചു. രക്ഷിതാക്കളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്കി. സംഘാടക സമിതിയംഗങ്ങളായ മുനീഷ് എ.സി, റഷീദ് അഹമ്മദ്, നജ്ല നജീബ് തുടങ്ങിയവര്‍ സംസാരിച്ചു.
സാമ്പത്തിക അച്ചടക്കത്തെയും നിക്ഷേപ സാധ്യതയെയും കുറിച്ച ശിൽപശാല, കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തെയും സ്കോളര്‍ഷിപ്പുകളെയും കുറിച്ച പ്രത്യേക സെഷന്, ഹമദ് ഹാര്‍ട്ട് ഹോസ്പിറ്റലിന്റെ സഹായത്തോടെ നടത്തുന്ന ബോധവത്കരണ ക്ലാസ് എന്നിവയും 50 ഓളം പവലിയനുള്‍പ്പെടുന്ന എക്സിബിഷന്, കലാപരിപാടികള്‍, ഫൂഡ് ഫെസ്റ്റിവല്‍ എന്നിവയും കാര്‍ണിവലിനോടനുബന്ധിച്ച് നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.