974 ബീച്ച്
ദോഹ: സന്ദർശകരെ വരവേൽക്കാൻ ഖത്തറിലെ കടൽത്തീരങ്ങൾ അണിഞ്ഞൊരുങ്ങുന്നു. നവീകരണ പ്രവർത്തനങ്ങൾ നടത്തിയും മോടികൂട്ടിയും രാജ്യത്തെ പ്രധാനപ്പെട്ട ബീച്ചുകൾ മനോഹരമാക്കാനാണ് ലക്ഷ്യമിടുന്നത്. പൊതുസൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ബീച്ചുകളിൽ സാംസ്കാരിക, കായിക പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് പ്രാദേശിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കുക, ഖത്തർ ടൂറിസവുമായി സഹകരിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുക തുടങ്ങിയവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്.
സന്ദർശകരെ ആകർഷിക്കുന്നതിന് രാജ്യത്തുടനീളമുള്ള ബീച്ചുകളിൽ മികച്ച സൗകര്യങ്ങൾ ഒരുക്കനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി രണ്ടാം ഘട്ട ബീച്ച് നവീകരണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഇതിലൂടെ രാജ്യത്തുടനീളമുള്ള 18 ബീച്ചുകൾ കൂടി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പരിസ്ഥിതി സംരക്ഷണത്തിന് മുൻഗണന നൽകിയാണ് പദ്ധതിയി നടപ്പാക്കുന്നത്.
സീലൈൻ ബീച്ച്
ബീച്ചുകൾ തിരഞ്ഞെടുക്കുന്നത് മുതൽ ഡിസൈനുകൾ തയാറാക്കാൽ, നിർമാണ പ്രവൃത്തികൾവരെ എല്ലാ ഘട്ടങ്ങളിലും പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയവും മുനിസിപ്പാലിറ്റി മന്ത്രാലയവും സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.
പരിസ്ഥിതി സൗഹൃദത്തിന്റെ ഭാഗമായി സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലൈറ്റിങ് സംവിധാനങ്ങൾ, മാലിന്യ നിർമാർജനത്തിനായി ഡ്യുയൽ ബിൻ വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം എന്നിവ ഒരുക്കിയിട്ടുണ്ട്. ഒന്നാം ഘട്ടത്തിനായി എട്ട് ബീച്ചുകൾ തിരഞ്ഞെടുത്തത് വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു.
സ്മാർട്ട് ടെക്നോളജി അടക്കം ഉപയോഗിച്ച് സന്ദർശകർക്കായുള്ള സേവനങ്ങൾ വികസിപ്പിക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി 974 ബീച്ചിൽ ഇലക്ട്രോണിക് ബുക്കിങ് സംവിധാനം ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം സന്ദർശകരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും അറിയുന്നതിനായി സോഷ്യൽ മീഡിയ സംഘം പ്രവർത്തിക്കുന്നു. കൂടാതെ ഔൻ മൊബൈൽ ആപ്പു വഴിയും ഫീഡ്ബാക്ക് നൽകാം.
സേവന നിലവാരം വിലയിരുത്തുന്നതിനും സന്ദർശകരിൽനിന്ന് നേരിട്ട് ഫീഡ്ബാക്ക് ശേഖരിക്കുന്നതിനും പതിവായി പ്രത്യേക ടിമുകൾ ബീച്ചുകൾ സന്ദർശിക്കും. ബീച്ചും പരിസരവും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നതിനും സംരക്ഷിക്കുന്നതിനും ജനങ്ങളിൽ അവബോധം വളർത്തുന്നതിനും മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് വിഭാഗം വിവിധ പ്രചാരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
ബീച്ചുകളുടെ ശുചീകരണം നിലനിർത്തുന്നതിന് മന്ത്രാലയം വലിയ പ്രാധാന്യം നൽകുന്നുണ്ട്. ശുചീകരണ ടീമുകളെ മുഴുവൻ സമയവും പ്രവർത്തിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, വിശ്രമമുറികളും പ്രാർഥനാമുറികളും പോലുള്ള പ്രധാന സൗകര്യങ്ങൾ വൃത്തിയാക്കുന്നതിന് പ്രത്യേക കമ്പനികളുമായി കരാർ ഒപ്പിട്ടിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കാനും ആവശ്യമുള്ളപ്പോൾ വേഗത്തിൽ ഇടപെടാനും ഫീൽഡ് സൂപ്പർവിഷൻ ടീമുകളും സജീവമാണ്.
വേനൽക്കാലത്ത് അന്തരീക്ഷ താപനില വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ, സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാൻ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇരിപ്പിടങ്ങളിലും ഒത്തുചേരുന്ന സ്ഥലങ്ങളിലും കുടകളുടെ എണ്ണം വർധിപ്പിക്കുക, കുട്ടികൾക്കായി തണലുള്ള വിനോദ മേഖലകൾ സൃഷ്ടിക്കുക, പ്രധാന ബീച്ചുകളിൽ പ്രഥമശുശ്രൂഷാ സേവനങ്ങൾ ലഭ്യമാക്കുക എന്നിവ ഈ നടപടികളിൽ ഉൾപ്പെടുന്നു.
ബീച്ചുകൾ നവീകരിക്കുന്നതും സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും തുടർച്ചയായ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. സന്ദർശകരുടെ അഭിപ്രായങ്ങൾ, ഫീൽഡ് ടീമിന്റെ വിലയിരുത്തലുകൾ, മറ്റ് ആവശ്യകതകൾ എന്നിവ അനുസരിച്ചാണ് നടത്തുന്നത്.
ബീച്ചുകളിൽ സന്ദർശനത്തിന് വരുന്നവർ അന്തരീക്ഷ താപനില കുറഞ്ഞ സമയം തിരഞ്ഞെടുക്കുക, സൺസ്ക്രീൻ ഉപയോഗിക്കുക, സൂര്യപ്രകാശത്തിൽ ദീർഘനേരം നിൽക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ പാലിക്കണം.
ആദ്യഘട്ടത്തിൽ വിവിധ മുനിസിപ്പാലിറ്റികളിലായി എട്ട് പൊതു ബീച്ചുകളുടെ വികസനമാണ് പൂർത്തിയാക്കിയത്. സിമൈസ്മ, അൽ വക്റ, സീലൈൻ, അൽ ഫർക്കിയ, അൽ ഗാരിയ, സഫ അൽ തൗഖ്, അൽ ഖറായിജ് എന്നീ എട്ട് പ്രധാന ബീച്ചുകളാണ് നവീകരിച്ചത്.
അൽ വക്റ ബീച്ച്
സൈനേജ്, ഭിന്നശേഷിക്കാർക്കുകൂടി സൗകര്യപ്രദമായ രീതിയിൽ രൂപകൽപന ചെയ്ത നടപ്പാതകൾ, ഇരിപ്പിടങ്ങൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, കിയോസ്കുകൾ തുടങ്ങിയ സൗകര്യങ്ങളോടെയാണ് ബീച്ച് നവീകരിച്ചത്.
ആദ്യഘട്ടത്തിൽ നവീകരണം നടത്തിയ അൽ വക്റയിൽ സന്ദർശകർക്കായി മികച്ച സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഭിന്നശേഷിക്കാർക്ക് പ്രത്യേകമായി രൂപകൽപന ചെയ്തവ ഉൾപ്പെടെ 200 വൈവിധ്യമാർന്ന മരക്കുടകൾ, കുടുംബങ്ങൾക്കും വ്യക്തികൾക്കും വേണ്ടി 300 പുതിയ ഇരിപ്പിടങ്ങൾ, കുട്ടികൾക്കായി സുരക്ഷിതമായ കളിസ്ഥലങ്ങൾ, റസ്റ്റാറന്റുകൾക്കും ഫുഡ് കാർട്ടുകൾക്കുമായി പ്രത്യേക സ്ഥലങ്ങൾ, ബീച്ച് പ്രവേശന കവാടങ്ങളും നടപ്പാതകളും മനോഹരമാക്കൽ, മരങ്ങൾ വെച്ചുപിടിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള വികസന പ്രവൃത്തികളാണ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.