ദോഹ: രാജ്യത്തെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുക, സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുക എന്നിവ ലക്ഷ്യമിട്ട് ഗവണ്മെന്റ് സേവനങ്ങൾക്ക് ഈടാക്കുന്ന നിരക്കുകളിൽ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തർ നീതിന്യായ മന്ത്രാലയം.
മന്ത്രിസഭയുടെ തീരുമാനപ്രകാരമാണ് ഇളവുകൾ പ്രഖ്യാപിച്ചത്. നിരവധി ഇടപാടുകൾക്ക് ഫീസ് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. നീതിന്യായ ക്യാബിനറ്റ് കാര്യം സഹമന്ത്രി ഇബ്രാഹിം ബിൻ അലി മുഹന്നദി ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു.
പുതിയ ചട്ടപ്രകാരം, മന്ത്രാലയങ്ങൾ, മറ്റു പൊതുസ്ഥാപനങ്ങൾ എന്നിവയുടെ പേരിലുള്ള നോട്ടറൈസേഷൻ ഫീസുകൾ ഒഴിവാക്കിയിട്ടുണ്ട്.
സംഭാവനകൾ, ചാരിറ്റി ആവശ്യങ്ങൾക്കുള്ള വില്പത്രങ്ങൾ എന്നിവയ്ക്കും ഫീസില്ല. കമ്പനികളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും ആദ്യത്തെ നോട്ടറൈസേഷനും കരാറുകൾക്കും ഭരണഘടനാ രേഖകൾക്കും ഫീസ് നൽകേണ്ടതില്ല. അവകാശികൾ തമ്മിലുള്ള ഒത്തുതീർപ്പുകൾ അടക്കം കുടുംബകോടതി പുറപ്പെടുവിക്കുന്ന അനന്തരാവകാശവുമായി ബന്ധപ്പെട്ട രേഖകൾക്കും ഫീസ് ഒഴിവാക്കി.
നിരവധി മേഖലകളിലെ സേവന നിരക്കുകളിൽ ഇളവു പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതുപ്രകാരം റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട സ്പെഷ്യൽ പവർ ഓഫ് അറ്റോണിയുടെ ഫീസ് മുന്നൂറ് റിയാലിൽ നിന്ന് നൂറാക്കി കുറച്ചു.
കൃഷി സ്ഥലങ്ങൾ, തീരപ്രദേശങ്ങൾ എന്നിവയുടെ കൈമാറ്റവുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് ഈടാക്കുന്ന ഫീസ് വിപണി മൂല്യത്തിന്റെ 0.25 ആക്കി.
നേരത്തെ ഇത് ഒരു ശതമാനമായിരുന്നു. ടൈറ്റിൽ ഡീഡ് റിപ്ലേസ്മെന്റ് ഫീസ് അഞ്ഞൂറിൽനിന്ന് നൂറാക്കി. ടൈറ്റിൽ ഡീഡ് ഇഷ്യൂ ചെയ്യാനുള്ള ഫീസ് മുന്നൂറ് റിയാലിൽ നിന്ന് നൂറാക്കിയും കുറച്ചു.
ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിനുള്ള ഫീ നൂറിൽ നിന്ന് അമ്പതാക്കി കുറച്ചിട്ടുണ്ട്. ഗവണ്മെന്റ് ഉദ്യോഗസ്ഥൻ അപേക്ഷകന്റെ വീട്ടിലെത്തി സേവനം നൽകാനുള്ള ഫീ ആയിരത്തിൽ നിന്ന് ഇരുനൂറ് റിയാലാക്കി കുറച്ചു.
അറുപത് വയസ്സിനു മുകളിലുള്ളവർക്കാണ് ഈ സേവനം ലഭ്യമാകുക. ഭിന്നശേഷിക്കാർക്കും സാമൂഹിക സുരക്ഷാ പദ്ധതിയിൽ ഉൾപ്പെട്ടവർക്കും ഈ സേവനത്തിന് ഫീസില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.