ദോഹ: സമയനിഷ്ഠയിൽ വീണ്ടും റെക്കോഡുകളിലേക്ക് പറന്നുയർന്ന് ഖത്തറിന്റെ ദേശീയ എയർലൈൻ കമ്പനിയായ ഖത്തർ എയർവേസ്. നിശ്ചയിച്ച സമയത്തു തന്നെ ടേക്ക് ഓഫ് ചെയ്ത്, ഷെഡ്യൂൾ ചെയ്തതിലും നേരത്തേതന്നെ ലക്ഷ്യസ്ഥാനത്ത് പറന്നിറങ്ങിക്കൊണ്ട് യാത്രക്കാരുടെ ‘ഓൺ ടൈം’ എയർലൈൻസായി വീണ്ടും ഖത്തർ എയർവേസിനെ തെരഞ്ഞെടുത്തു.
ലോകത്ത് ഏറ്റവും കൃത്യനിഷ്ഠത പാലിക്കുന്ന എയർലൈൻസുകളുടെ പട്ടിക തയാറാക്കിയ സിറിയം റിപ്പോർട്ടിലാണ് അഞ്ചാം സ്ഥാനം എന്ന നേട്ടവുമായി ഖത്തർ എയർവേസ് വീണ്ടും ചരിത്രംകുറിച്ചത്. 2024ലെ പട്ടികയാണ് ‘സിറിയം’ പ്രസിദ്ധീകരിച്ചത്.
ട്രാക്ക് ചെയ്ത 99.72 ശതമാനം വിമാനങ്ങളിൽ 82.83 ശതമാനമാണ് ഓൺ ടൈം അറൈവലായി കണക്കാക്കുന്നത്. ഷെഡ്യൂൾ ചെയ്ത സമയത്തിന്റെ 15 മിനിറ്റിനുള്ളിൽ എത്തിച്ചേരുന്നതാണ് ഓൺടൈം അറൈവലായി വ്യോമയാന വിശകലനത്തിൽ കണക്കാക്കുന്നത്. രണ്ടു ലക്ഷത്തിലേറെ വിമാനങ്ങളാണ് പരിശോധനയുടെ ഭാഗമായി പരിഗണിച്ചത്.
ഇവയിൽ സർവിസ് പൂർത്തിയാക്കിയതിന്റെ കണക്കിലും ഖത്തർ എയർവേസ് മുന്നിൽ തന്നെയാണ്. 99.72 ശതമാനം സർവിസുകളും സമയനിഷ്ഠയോടെ ലക്ഷ്യത്തിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.
മെക്സികൻ എയർലൈൻ കമ്പനിയായ എയറോ മെക്സികോയാണ് ലോകത്ത് സമയനിഷ്ഠയിൽ ഒന്നാം സ്ഥാനത്ത്. ട്രാക് ചെയ്ത വിമാനങ്ങളിൽ 86.70 ശതമാനമാണ് എയറോ മെക്സികോയുടെ ഓൺടൈം പ്രകടനം. 1.96 ലക്ഷം വിമാനങ്ങളിൽ 99.32 കംപ്ലീഷൻ ഫാക്ടറായും രേഖപ്പെടുത്തുന്നു.
സൗദിയ എയർലൈൻസ് രണ്ടാമതും (86.35 ശതമാനം), ജോർജിയയിലെ അറ്റ്ലാൻ കേന്ദ്രീകരിച്ച ഡെൽറ്റ എയർലൈൻസ് മൂന്നും (82.89 ശതമാനം) സ്ഥാനങ്ങളിലായി ഖത്തർ എയർവേസിന് മുന്നിലുണ്ട്. ബ്രസീലിയൻ വ്യോമ കമ്പനിയായ അസുൽ ബ്രസീലിയൻ എയർലൈൻസ്, കൊളംബിയൻ കമ്പനിയായ എസ്.എ അവിയാൻക, ലൈബീരിയ, സ്കാൻഡിനേവിയർ എയർലൈൻസ് (എസ്.എ.എസ്), യുനൈറ്റഡ് എയർലൈനസ് (യു.എ) എന്നിവർ ആദ്യ പത്തിലുള്ള മറ്റു വിമാന കമ്പനികളാണ്.
സിറിയം ഓൺടൈം വിമാനത്താവളങ്ങളുടെ പട്ടികയിലും ഖത്തർ എയർവേസിന്റെ ആസ്ഥാനമായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഇടംനേടി. വിമാനങ്ങളുടെ പുറപ്പെടലിലും ലാൻഡിങ്ങിലും സമയനിഷ്ഠ പാലിച്ചുകൊണ്ട് പത്താം സ്ഥാനമാണ് ഹമദ് സ്വന്തമാക്കിയത്. 81.38 ശതമാനമാണ് പ്രകടനം. ഈ പട്ടികയിൽ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഒന്നാം സ്ഥാനം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.