ദോഹ: യു.എസിലെ 18 പുതിയ റൂട്ടുകളിലേക്ക് കണക്ടിവിറ്റി വിപുലീകരിച്ച് ഖത്തർ എയർവേസ്. ഇന്റർനാഷനൽ എയർലൈൻസ് ഗ്രൂപ്പിന്റെ (ഐ.എ.ജി) പങ്കാളികളായ എയർ ലിംഗസ്, ലെവൽ എന്നിവരുമായുള്ള കോഡ്ഷെയർ കരാറിലൂടെ യു.എസിലെ 18 റൂട്ടുകളിലേക്കാണ് ഖത്തർ എയർവേസ് കണക്ടിവിറ്റി വിപുലീകരിച്ചത്. ഇന്റർനാഷനൽ എയർലൈൻസ് ഗ്രൂപ്പുമായുള്ള സഹകരണം ശക്തിപ്പെടുത്തിയ ഖത്തർ എയർവേസ് അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള കണക്ടിവിറ്റി വികസിപ്പിക്കുകയാണ് ചെയ്യുന്നത്.
2024ലാണ് എയർ ലിംഗസുമായി കോഡ്ഷെയർ ആരംഭിക്കുന്നത്. തുടർന്ന് ഡബ്ലിൻ വിമാനത്താവളത്തിൽനിന്ന് ബോസ്റ്റൺ, കണക്റ്റിക്കട്ടിലെ ബ്രാഡ്ലി ഇന്റർനാഷനൽ, ക്ലീവ്ലാൻഡ്, ഇന്ത്യാനാപൊളിസ്, മിനിയാപൊളിസ്, നാഷ്വില്ലെ, ന്യൂയോർക്, ഒർലാൻഡോ, ഫിലദൽഫിയ എന്നിവയുൾപ്പെടെ 11 യു.എസ് നഗരങ്ങളിലേക്കുള്ള ഐറിഷ് കാരിയർ വിമാനങ്ങളുടെ കോഡ് പങ്കിടുന്നതിനായി ഖത്തർ എയർവേസ് എയർ ലിംഗസുമായുള്ള പങ്കാളിത്തം വികസിപ്പിച്ചു. കൂടാതെ, ബാഴ്സലോണ-എൽ പ്രാറ്റ് എയർപോർട്ടിലെ (ബി.സി.എൻ) മുൻനിര ദീർഘദൂര ഓപറേറ്ററായ ലെവലുമായുള്ള കോഡ്ഷെയർ കരാർ ഖത്തർ എയർവേസ് വീണ്ടും നടപ്പാക്കി. ബോസ്റ്റൺ, ലോസ് ഏഞ്ചൽസ്, മിയാമി, ന്യൂയോർക്, സാൻ ഫ്രാൻസിസ്കോ, ബ്യൂണസ് ഐറിസ് എന്നിവിടങ്ങളിലേക്കുള്ള ലെവൽ ഫ്ലൈറ്റുകളിൽ ഖത്തർ എയർവേയ്സ് കോഡ് പങ്കുവെക്കും.
യാത്രക്കാർക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് മികച്ചതും വിപുലവുമായ യാത്രാസൗകര്യങ്ങൾ ഒരുക്കുമെന്ന് ഖത്തർ എയർവേയ്സ് ചീഫ് കമേഴ്സൽ ഓഫിസർ തിയറി ആന്റിനൊറി പറഞ്ഞു.ഇന്റർനാഷനൽ എയർലൈൻസ് ഗ്രൂപ് പങ്കാളികളായ എയർ ലിംഗസ്, ലെവൽ എന്നിവരുമായി ചേർന്ന്, യു.എസിലേക്കും സൗത്ത് അമേരിക്കയിലേക്കും 18 അധിക റൂട്ടുകൾ ഖത്തർ എയർവേസ് ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഖത്തർ എയർവേസുമായി സഹകരിച്ച് യു.എസിലെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കായി സേവനങ്ങൾ വ്യാപിപ്പിക്കുന്നതിൽ സന്തുഷ്ടരാണെന്ന് എയർ ലിംഗസ് ചീഫ് കസ്റ്റമർ ഓഫിസർ സൂസൻ കാർബെറി പറഞ്ഞു.
ഖത്തർ എയർവേസുമായുള്ള പങ്കാളിത്തം വീണ്ടും അവതരിപ്പിക്കാനും കോഡ്ഷെയർ കരാർ കൂടുതൽ വിപുലീകരിക്കാനും കഴിഞ്ഞതിൽ സന്തുഷ്ടരാണെന്ന് ലെവൽ ചീഫ് കമേഴ്സ്യൽ ആൻഡ് നെറ്റ്വർക് ഓഫിസർ ലൂസിയ അഡ്രോവർ പറഞ്ഞു.ബാഴ്സലോണയുടെ ദീർഘദൂര കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിൽ ലെവൽ തുടർന്നും സംഭാവന നൽകുന്നുവെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.