സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗനീമിന്റെ അധ്യക്ഷതയിൽ ചേർന്ന ശൂറ കൗൺസിൽ
ദോഹ: അമേരിക്കൻ താൽപര്യങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന ഇറാൻ വാദം തള്ളി ഖത്തർ ശൂറ കൗൺസിൽ. ഇറാൻ വിദേശകാര്യ മന്ത്രിയുടെ അവകാശവാദങ്ങളെയും യുക്തിരഹിതമായ ന്യായീകരണത്തെയും തള്ളിക്കളഞ്ഞ കൗൺസിൽ, വ്യവസായ -വാണിജ്യ കേന്ദ്രങ്ങളെയും സിവിലിയന്മാർക്കുനേരെയും ആക്രമണങ്ങളുണ്ടായതായും ചൂണ്ടിക്കാട്ടി.
സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗനീമിന്റെ അധ്യക്ഷതയിൽ ശൂറ കൗൺസിൽ പ്രതിവാര യോഗം തിങ്കളാഴ്ച തമീം ബിൻ ഹമദ് ഹാളിൽ ചേർന്നു.
ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ, യുദ്ധവിമാനങ്ങൾ എന്നിവ ഉപയോഗിച്ച് ഖത്തറിന് നേരെ ഇറാൻ നടത്തുന്ന സൈനിക ആക്രമണങ്ങളെ കൗൺസിൽ ശക്തമായി അപലപിച്ചു. ഇത് രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയെ ബാധിക്കുന്നതാണെന്നും കൗൺസിൽ വ്യക്തമാക്കി.
ഖത്തറിൽ അട്ടിമറി പ്രവർത്തനങ്ങൾ നടത്താൻ നിയോഗിക്കപ്പെട്ട ഇസ് ലാമിക് റെവല്യൂഷണറി ഗാർഡിന്റെ രണ്ട് സെല്ലുകളെ സുരക്ഷാ ഏജൻസികൾ പിടികൂടിയതിനെ കൗൺസിൽ അഭിനന്ദിച്ചു. ഇറാന്റെ ആക്രമണങ്ങളെ അപലപിച്ച് അറബ് പാർലമെന്റ്, ഇന്റർ -പാർലമെന്ററി യൂനിയൻ, ആഫ്രിക്കൻ -അറബ് സെനറ്റുകളുടെ അസോസിയേഷൻ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകൾ ഖത്തറിനോട് പ്രകടിപ്പിച്ച ഐക്യദാർഢ്യത്തിന് കൗൺസിൽ നന്ദി അറിയിച്ചു. ഗൾഫ് മേഖലയുടെ സുരക്ഷ ലോക സുരക്ഷയുടെ ഭാഗമാണെന്ന് കൗൺസിൽ ഊന്നിപ്പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ കാണിക്കുന്ന ഉത്തരവാദിത്തബോധത്തെ കൗൺസിൽ അഭിനന്ദിച്ചു. അതോടൊപ്പം സംഭവസ്ഥലങ്ങളിൽ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ ഉറപ്പാക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
സുരക്ഷാ നടപടികളുമായി ബന്ധപ്പെട്ട ചിത്രങ്ങളോ വിഡിയോകളോ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും ഒഴിവാക്കുക, സമാധാനത്തിനും നയതന്ത്ര ചർച്ചകൾക്കും ഖത്തർ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും അന്താരാഷ്ട്ര നിയമങ്ങളെ മാനിച്ചുകൊണ്ടുള്ള നീക്കങ്ങൾ തുടരുമെന്നും കൗൺസിൽ ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.