ദോഹ: ഖത്തറിനു നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ തങ്ങൾക്ക് 'വലിയ ചതി' നേരിട്ടതായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി. ഇറാന് എതിരായ യുദ്ധത്തിൽ പങ്കുചേരില്ലെന്ന് മേഖലയിലെ രാജ്യങ്ങൾ വ്യക്തമാക്കിയ സാഹചര്യത്തിലാണ് ആക്രമണം ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'സ്കൈ ന്യൂസിന്' നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധം ആരംഭിച്ച് ഏകദേശം ഒരു മണിക്കൂറിനുള്ളിൽ തന്നെ ഖത്തറും മറ്റ് ഗൾഫ് രാഷ്ട്രങ്ങളും ആക്രമിക്കപ്പെട്ടു.
നയതന്ത്ര പരിഹാരം കണ്ടെത്താൻ കൂട്ടായ ശ്രമങ്ങൾ നടക്കുമ്പോഴാണ് ഇറാന്റെ പ്രകോപനമുണ്ടായത്. ഇറാന്റെ ന്യായീകരണങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് രാജ്യങ്ങളെ അക്രമിക്കില്ലെന്ന് വിശദീകരിക്കുകയും പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ ക്ഷമാപണം നടത്തുകയും ചെയ്തശേഷം ഇറാൻ ആക്രമണം തുടരുന്നത് ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനുമായി ചർച്ചകൾ തുടരുകയാണെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഖത്തർ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.