ദോഹ: ബിസിനസ് ക്ലാസ്, ഇക്കണോമി ക്ലാസ് ഫെയർ ഫാമിലി ടിക്കറ്റ് ഘടന ഖത്തർ എയർവേസ് പരിഷ്കരിച്ചു.പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വന്നു. ഖത്തർ എയർവേസ് യാത്രക്കാർക്ക് പ്രയോജനമാകുന്ന രീതിയിൽ വളരെ ലളിതമായാണ് ഫെയർ ഫാമിലി ടിക്കറ്റ് ഘടനയിലുള്ള മാറ്റം. ബിസിനസ് ക്ലാസിൽ മൂന്നും ഇക്കണോമി ക്ലാസിൽ മൂന്നും എന്നിങ്ങനെ പുതിയ ആറ് യാത്രാ ക്ലാസുകളാണ് ഫെയർ ഫാമിലി വിഭാഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ബിസിനസ് ക്ലാസിൽ ക്ലാസിക്, കംഫർട്ട്, എലീറ്റ് എന്നിങ്ങനെയും ഇക്കണോമി ക്ലാസിൽ ക്ലാസിക്, കൺവീനിയൻസ്, കംഫർട്ട് എന്നിങ്ങനെയുമാണ് പുതിയ യാത്രക്ലാസുകൾ.
പുതിയ ടിക്കറ്റ് ഘടനയനുസരിച്ച് ഇക്കണോമി ക്ലാസിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നർക്ക് ഓരോ ഫെയർ ഫാമിലി വിഭാഗത്തിനും അഞ്ചു കിലോ അധിക ബാഗേജ് ആനുകൂല്യം ലഭിക്കും.ഇക്കണോമി ക്ലാസിൽ കംഫർട്ട് ടിക്കറ്റിൽ ഇഷ്ടമുള്ള സീറ്റ് തെരഞ്ഞെടുക്കാനും യാത്രക്കാരനാകും. ഇക്കണോമി കംഫർട്ട് അല്ലെങ്കിൽ ബിസിനസ് എലീറ്റ് ടിക്കറ്റുകളിൽ പരിധികളില്ലാതെ ടിക്കറ്റിൽ യാത്ര തീയതി മാറ്റംവരുത്താനും പൂർണമായും സൗജന്യനിരക്കിൽ റീഫണ്ടിനുള്ള അർഹതയും ലഭിക്കും. എല്ലാ ക്ലാസുകളിലെയും ഖത്തർ എയർവേസ് പ്രിവിലേജ് ക്ലബ് അംഗങ്ങൾക്ക് കൂടുതൽ ക്യൂ മൈലുകൾ നേടാനുള്ള അവസരവുമുണ്ടാകും.
ഖത്തർ എയർവേസിൽ നിന്നും നേരിട്ട് ഫെയർ ഫാമിലി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് ഭാവിയിലെ യാത്രക്കുള്ള വൗച്ചറായി ടിക്കറ്റിനെ മാറ്റാനാകും.ഖത്തർ ഡ്യൂട്ടി ഫ്രീ, ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഭക്ഷ്യ-പാനീയ ഔട്ട് ലറ്റുകളിൽ 40 ശതമാനം വരെ ഇളവുകളും ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.