ബാബ് അൽമന്ദബ് കടലിടുക്ക് അടച്ചാൽ വലിയ ദുരന്തം; മുന്നറിയിപ്പുമായി ഖത്തർ
ദോഹ: തന്ത്രപ്രധാനമായ ബാബ് അൽ-മന്ദബ് ജലപാത അടച്ചുപൂട്ടാനിടയായാൽ അത് ലോകമെമ്പാടും വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന് ഖത്തറിന്റെ മുന്നറിയിപ്പ്. ഹുർമുസ് കടലിടുക്കിൽ മാസങ്ങളായി തുടരുന്ന ഉപരോധവും, ചെങ്കടൽ തീരത്ത് ഹൂതികൾ ആധിപത്യം ശക്തമാക്കുന്ന സാഹചര്യത്തിലുമാണ് ഖത്തർ വിഷയത്തിൽ ആശങ്കയറിയിച്ചത്.
ഹുർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്ന് വലിയ പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഇതിന് പുറമേ ബാബ് അൽ-മന്ദബ് കടലിടുക്കിലും അത്തരമൊരു സാഹചര്യം താങ്ങാനാകില്ലെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥനായ ഇബ്രാഹിം അൽ ഹാഷിമി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ചെങ്കടലിന്റെ തെക്കൻ പ്രവേശനകവാടമായ ഈ ജലപാത അടച്ചാൽ അത് ആഗോളതലത്തിൽ വലിയ ദുരന്തത്തിന് കാരണമാകുമെന്നും, ഇതിന്റെ പ്രത്യാഘാതങ്ങൾ ഇപ്പോൾത്തന്നെ കണ്ടുതുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. നയതന്ത്ര ചർച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും പ്രതിസന്ധി പരിഹരിക്കാനാണ് ഖത്തർ ശ്രമിക്കുന്നതെന്നും ഇബ്രാഹിം അൽ ഹാഷിമി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.