യു.എൻ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിൽ ഖത്തർ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. ഫാലിഹ് ബിൻ നാസർ ബിൻ അഹ്മദ് ബിൻ അലി ആൽഥാനി സംസാരിക്കുന്നു
ദോഹ: പ്രകൃതിവാതക ഉൽപാദനം വർധിപ്പിക്കുന്ന സാഹചര്യത്തിൽ പുറന്തള്ളപ്പെടുന്ന കാർബണിെൻറ അളവ് കുറക്കുന്നതിനുള്ള ശ്രമങ്ങളിലാണ് ഖത്തറെന്ന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഡോ. ഫാലിഹ് ബിൻ നാസർ ബിൻ അഹ്മദ് ബിൻ അലി ആൽഥാനി. മിന മേഖലയിലെ ഏറ്റവും വലിയ കാർബൺ സെക്വസ്േട്രഷൻ സൗകര്യമാണ് ഖത്തറിലുള്ളത്.
വർഷങ്ങളായി ഈ സൗകര്യം ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ്. പ്രതിവർഷം ഇതുവഴി 2.5 ദശലക്ഷം കാർബൺ ഡൈ ഓക്സൈഡ് പിടിച്ചുവെക്കാൻ സാധിക്കുമെന്നും സ്കോട്ലൻറിലെ ഗ്ലാസ്ഗോയിൽ യു.എൻ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു. 2030ഓടെ ശേഷി ഒമ്പത് ദശലക്ഷം ആക്കി വർധിപ്പിക്കുകയാണ് ലക്ഷ്യം.
കാർബൺ പിടിച്ചെടുക്കൽ, കാർബൺ വേർതിരിക്കൽ പ്രക്രിയ, സൗരോർജം തുടങ്ങി കാർബൺ ബഹിർഗമനം കുറക്കുന്ന സാങ്കേതിക വിദ്യകളിൽ നിക്ഷേപമിറക്കുന്നത് ഖത്തർ തുടരും.
2022 ആദ്യ പകുതിയോടെ ഖത്തർ സൗരോർജത്തിൽനിന്നും വൈദ്യുതി ഉൽപാദനം ആരംഭിക്കും. 2030ഓടെ ഉൽപാദനം ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ് രാജ്യം.
ഹൈഡ്രജൻ പോലെയുള്ള മറ്റു ഇന്ധനങ്ങളുടെ ഉപയോഗവും വികാസവും സംബന്ധിച്ച് ഖത്തർ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
2019ലെ ഖത്തർ-യു.എൻ കാലാവസ്ഥാ ഉച്ചകോടിയുടെ ഫലമായി കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിന് ചെറു ദ്വീപ് രാഷ് ട്രങ്ങൾക്കും അവികസിത രാജ്യങ്ങൾക്കും ഖത്തർ 100 മില്യൻ ഡോളർ നൽകും. ഖത്തർ ഡെവലപ്മെൻറ് ഫണ്ടിെൻറ സഹായത്തോടെ ഈ രാജ്യങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിനെതിരായുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖത്തറിെൻറ ദേശീയ പരിഗണനാ വിഷയങ്ങളിലൊന്നാണ് കാലാവസ്ഥാ വ്യതിയാനം. ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളപ്പെടുന്നത് കുറക്കുന്നതിനും ഈ മാർഗത്തിലെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനും ഖത്തർ പ്രതിജ്ഞാബദ്ധമാണ്. കാലാവസ്ഥാ വ്യതിയാനമടക്കമുള്ള പ്രധാന വിഷയങ്ങളെ അഭിമുഖീകരിക്കുന്നതിന് കൂടുതൽ ശ്രദ്ധ നൽകുന്നതിെൻറ ഭാഗമായാണ് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനമെന്ന പുതിയ മന്ത്രാലയം രൂപവത്കരിച്ചത്. 2022ൽ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറുമായി ബന്ധപ്പെട്ട് ഒരു ദശലക്ഷം മരങ്ങളാണ് ഖത്തറിൽ നട്ടുവളർത്തുക. ചരിത്രത്തിലെ പ്രഥമ കാർബൺ ന്യൂട്രൽ ലോകകപ്പിനാണ് ലോകം സാക്ഷ്യം വഹിക്കാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.