ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ എൻജി. ബദ്ർ മുഹമ്മദ് അൽ മീർ, സൗദി ഗ്രൗണ്ട് സർവിസ് സി.ഇ.ഒ മുഹമ്മദ് അബ്ദുൽ കരീം മാസിയുമായി കരാർ രേഖ കൈമാറുന്നു
ദോഹ: ഖത്തർ എയർവേസ് വിമാനം വഴി ഹജ്ജ്, ഉംറ നിർവഹിക്കാനെത്തുന്ന യാത്രക്കാർക്ക് ഇനി വിമാനത്താവളത്തിലെത്തി ചെക്ക് ഇൻ ചെയ്യാൻ കാത്തിരിക്കേണ്ടതില്ല. വിമാനത്താവളത്തിലെത്തും മുമ്പേ മക്കയിൽ വെച്ചുതന്നെ ചെക്ക് ഇൻ നടപടികൾ പൂർത്തിയാക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ഖത്തർ എയർവേസ്. ഇതുസംബന്ധിച്ച് സൗദി ഗ്രൗണ്ട് സർവിസുമായി (എസ്.ജി.എസ്) കരാറിൽ ഒപ്പുവെച്ചു.
ഹജ്ജ്, ഉംറ തീർഥാടകർക്ക് ചെക്ക്-ഇൻ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാനും ബോർഡിങ് പാസുകൾ വിമാനത്താവളത്തിലെത്തും മുമ്പ് സ്വീകരിക്കാനും കഴിയും. ബാഗേജുകൾ നഗരത്തിൽനിന്നുതന്നെ വിമാന അധികൃതർക്ക് കൈമാറാൻകൂടി കഴിയുന്നതോടെ യാത്ര കൂടുതൽ അനായാസമായി മാറും.
മാർച്ച് ഒന്ന് മുതൽ ഓഫ് എയർപോർട്ട് ചെക്ക്-ഇൻ സേവനം പ്രാബല്യത്തിൽ വരും. ഖത്തർ എയർവേയ്സ് യാത്രക്കാർക്ക് മക്ക ക്ലോക്ക് ടവറിലെ ഫെയർമൗണ്ട് ഹോട്ടലിലെത്തി പുതിയ ഓഫ് എയർപോർട്ട് ചെക്ക്-ഇൻ സേവനം പ്രയോജനപ്പെടുത്താം.
എൽ-2ലെ റിങ് റോഡിൽനിന്ന് ഹോട്ടൽ പ്രവേശന കവാടത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യം വിമാനത്താവളത്തിലെത്തുന്നതിനു മുമ്പുതന്നെ ചെക്ക്-ഇൻ പ്രക്രിയ സുഗമമാക്കും. ഇത് വിമാനത്താവളത്തിലെ കാത്തിരിപ്പ് സമയം കുറക്കുകയും തീർഥാടകർക്ക് ഹജ്ജ്, ഉംറ കർമങ്ങളിലും പ്രാർഥനകളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരം നൽകുകയും ചെയ്യും. മക്കയിൽ വെച്ച് ചെക്ക് ഇൻ പൂർത്തിയാക്കി വിമാനം പുറപ്പെടാനുള്ള സമയം കണക്കിലെടുത്ത് ജിദ്ദ വിമാനത്താവളത്തിലേക്ക് നീങ്ങിയാൽ മതിയാകും.
ഹജ്ജ്, ഉംറ തീർഥാടനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞും, തീർഥാടകർക്ക് അവരുടെ യാത്രാ അനുഭവം വർധിപ്പിക്കുന്നതിനുമുള്ള ഖത്തർ എയർവേസിന്റെ ശ്രമങ്ങളുടെ ഭാഗമാണ് മക്കയിലെ ഓഫ്-എയർപോർട്ട് ചെക്ക്-ഇൻ സേവനമെന്ന് ഗ്രൂപ് സി.ഇ.ഒ എൻജി. ബദ്ർ മുഹമ്മദ് അൽ മീർ പറഞ്ഞു.
സൗദി ഗ്രൗണ്ട് സർവിസസുമായി സഹകരിച്ച് നടപ്പാക്കുന്ന ഓഫ്-എയർപോർട്ട് ചെക്ക്-ഇൻ സേവനത്തിലൂടെ തീർഥാടകർക്ക് സൗകര്യപ്രദമായും മനസ്സമാധാനത്തോടെയുമുള്ള യാത്രാനുഭവം നൽകുമെന്നും അൽ മീർ കൂട്ടിച്ചേർത്തു.
ഖത്തർ എയർവേസുമായി സഹകരിച്ച് നൂതനമായ ഹജ്ജ്-ഉംറ ഓഫ് എയർപോർട്ട് ചെക്ക് ഇൻ സേവനം യാത്രക്കാർക്ക് നൽകുന്നതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് സൗദി ഗ്രൗണ്ട് സർവിസസ് സി.ഇ.ഒ മുഹമ്മദ് അബ്ദുൽ കരീം മാസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.