ഖത്തർ ചേംബർ വിദ്യാഭ്യാസ സമിതി യോഗത്തിൽനിന്ന്
ദോഹ: രാജ്യത്തെ സ്വകാര്യ സ്കൂളുകളുടെ പ്രവർത്തനവും സൗകര്യങ്ങളും വിലയിരുത്തി ഖത്തർ ചേംബർ വിദ്യാഭ്യാസ സമിതി. സ്കൂളുകളുടെ ശേഷി, ലൈസൻസ് പുതുക്കൽ, സ്കൂൾ ഫീസ്, മറ്റ് അനുബന്ധ വിഷയങ്ങൾ എന്നിവ ഉൾപ്പെടെ സ്വകാര്യ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചേംബർ വിദ്യാഭ്യാസസമിതി യോഗം വിശകലനം ചെയ്തു.
ഫസ്റ്റ് വൈസ് ചെയർമാനും വിദ്യാഭ്യാസ സമിതി അധ്യക്ഷനുമായ മുഹമ്മദ് ബിൻ തവാർ അൽ കുവാരി അധ്യക്ഷത വഹിച്ചു. ഖത്തർ ചേംബർ ബോർഡ് അംഗവും സമിതി വൈസ് ചെയർമാനുമായ എൻജി. അലി ബിൻ അബ്ദുല്ലത്തീഫ് അൽ മിസ്നാദ്, വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസകാര്യ അസി.അണ്ടർ സെക്രട്ടറി ഉമർ അബ്ദുൽ അസീസ് അൽ നഅ്മ എന്നിവരും പങ്കെടുത്തു.
സ്വകാര്യ വിദ്യാഭ്യാസ മേഖല നേരിടുന്ന വെല്ലുവിളികൾ മറികടക്കുന്നതിനും നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന്റെ ആവശ്യകത മുഹമ്മദ് ബിൻ അൽ തവാർ അൽ കുവാരി വ്യക്തമാക്കി. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പങ്കാളിയെന്ന നിലയിൽ സ്വകാര്യ മേഖലയെ തങ്ങളുടെ പങ്ക് നിർവഹിക്കാൻ ഇത് പ്രാപ്തമാക്കുമെന്നും അൽ കുവാരി കൂട്ടിച്ചേർത്തു. ഖത്തർ ചേംബറുമായുള്ള സ്വകാര്യ വിദ്യാഭ്യാസ മേഖലയുടെ സഹകരണം പ്രശംസനീയമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഉമർ അബ്ദുൽ അസീസ് അൽ നഅ്മ പറഞ്ഞു. സ്കൂളുകളും കിന്റർഗാർട്ടനുകളുമായി 346 സ്ഥാപനങ്ങളും, 133 സ്വകാര്യ വിദ്യാഭ്യാസ കേന്ദ്രങ്ങളും 172 നഴ്സറികളുമാണ് സ്വകാര്യ വിദ്യാഭ്യാസ മേഖലയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.