വെള്ളിയാഴ്ച നടക്കുന്ന ഏഷ്യൻ മെഡിക്കൽ ക്യാമ്പിന്റെ ഒരുക്കങ്ങൾ സംഘാടകർ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു
ദോഹ: മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ പരിശോധനാ ക്യാമ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏഷ്യന്‍ രാജ്യങ്ങളിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്കും ജീവനക്കാർക്കുമായി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി (സി.ഐ.സി), ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 19ാമത് ഏഷ്യന്‍ മെഡിക്കല്‍ ക്യാമ്പ് ഐന്‍ഖാലിദ് ഉമ്മുല്‍ സനീം ഹെല്‍ത്ത് സെന്ററില്‍ വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിക്കും. ഹമദ് മെഡിക്കല്‍ കോര്പറേഷന്, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പറേഷന് എന്നിവയുടെ മേല്‍നോട്ടത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പിനായി 2500ൽ ഏറെ പേർ ഇതിനകം രജിസ്റ്റർ ചെയ്തു കഴിഞ്ഞതായി മെഡിക്കൽ ക്യാമ്പ് വൈസ് ചെയർമാൻ കെ.സി. അബ്ദുൽ ലത്തീഫ്, ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ് പ്രസിഡന്റ് ഡോ. ബിജു ഗഫൂർ എന്നിവർ അറിയിച്ചു.
രാവിലെ ആരംഭിക്കുന്ന ക്യാമ്പിൽ വിവിധ സ്പെഷലിസ്റ്റ് വിഭാഗങ്ങളിലായി ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനങ്ങൾ ലഭ്യമാകും. കാര്‍ഡിയോളജി, ഇ.എന്‍.ടി, ഓര്‍ത്തോപീഡിക്, ഫിസിയോതെറപ്പി, ഒഫ്താല്‍മോളജി തുടങ്ങിയ വിഭാഗങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയും സ്കാനിങ്, ഇ.സി.ജി, ഓഡിയോമെട്രി, ഓഫ്താല്മോളജി, ഓറല്‍ ചെക്കപ്പ്, കൊളസ്ട്രോള്‍, ഷുഗര്‍, പ്രഷര്‍ തുടങ്ങിയ ക്ലിനിക്കല്‍ ടെസ്റ്റുകളും മരുന്നും സൗജന്യമായി ലഭ്യമാവും. രാവിലെ ഏഴിന് ആരംഭിക്കുന്ന പരിശോധന നാല് ഷിഫ്റ്റുകളിലായി വൈകീട്ട് ആറുവരെ തുടരും.
ക്യാമ്പ് സന്ദര്‍ശിക്കുന്ന പൊതുജനങ്ങള്‍ക്ക് ഷുഗര്‍, കൊളസ്ട്രോള്‍ ടെസ്റ്റുകള്‍ക്കൊപ്പം കാഴ്ച - കേള്‍വി പരിശോധനകള്‍, ഓറല്‍ ചെക്കപ് തുടങ്ങിയവക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. രക്തദാനം, അവയവദാനം എന്നിവക്കുള്ള രജിസ്ട്രേഷന് ക്യാമ്പിൽ നടക്കും. ഉച്ചക്കുശേഷം വിദഗ്ധ ഡോക്ടര്‍മാര്‍ നയിക്കുന്ന ആരോഗ്യ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്. പല്ലിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, നടുവേദനയും പരിഹാര മാര്‍ഗങ്ങളും, കാന്‍സര്‍ രോഗനിര്‍ണയം സ്ത്രീകളില്‍, മറവിരോഗം എങ്ങനെ നേരിടാം എന്നീ വിഷയങ്ങളില്‍ യഥാക്രമം ഡോ. മഹേഷ് മേനോന്, ഡോ. രശ്മി ഗുരവ്, ഡോ. ദേവി കൃഷ്ണ, ഡോ. മണിചന്ദ്രന്‍ എന്നിവരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുക.
ഡോക്ടര്‍മാര്‍ക്കുപുറമെ നൂറുകണക്കിന് പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, വളന്റിയര്‍മാര്‍, ടെക്നിക്കല്‍ സ്റ്റാഫ് തുടങ്ങിയവരും ക്യാമ്പില്‍ സേവനമനുഷ്ഠിക്കും.
ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ലബ്ബിന് പുറമെ, യുനൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ (യുനീഖ്), ഇന്ത്യന്‍ ഫാര്‍മസിസ്റ്റ്സ് അസോസിയേഷന് ഖത്തര്‍, ഖത്തര്‍ ഡയബെറ്റ്സ് അസോസിയേഷന് തുടങ്ങിയവ സംഘടനകളും സ്ഥാപനങ്ങളും ക്യാമ്പുമായി സഹകരിക്കുന്നുണ്ട്.ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ മെഡിക്കൽ ക്യാമ്പ് തൊഴിലാളി വിഭാഗങ്ങളുടെ ആരോഗ്യ സുരക്ഷയിൽ ഏറെ പ്രധാനമാണെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ പ്രതിനിധി ഇസ്ഹാഖ് അഹമ്മദ് സഈദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ലോകാരോഗ്യ സംഘടന പ്രത്യേകം പരാമർശിച്ച മെഡിക്കൽ ക്യാമ്പാണ് ഇതെന്ന് വൈസ് ചെയർമാൻ കെ.സി. അബ്ദുൽ ലത്തീഫ് പറഞ്ഞു. ഇന്ത്യക്കാർക്കുപുറമെ, വിവിധ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ പങ്കാളിത്തം ഇത്തവണ വർധിപ്പിച്ചതായും കൂടുതൽ മേഖലയിലുള്ള വിദഗ്ധരുടെ സേവനവും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ, മെഡിക്കൽ പരിശോധന ക്യാമ്പിന്റെ റിപ്പോർട്ടുകൾ ഹമദ് മെഡിക്കൽ കോർപറേഷന്റെ പഠനങ്ങൾക്കായി ഉപയോഗപ്പെടുത്തും. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ആരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, ഇന്ത്യൻ എംബസി പ്രതിനിധികൾ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ ഹമദ് മെഡിക്കൽ കോർപറേഷൻ മീഡിയ കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്റർ ഇസ്ഹാഖ് അഹമ്മദ് സഈദ്, പി.എച്ച്.സിസി പ്രതിനിധി ഡോ. മുഹമ്മദ് സുഹൈൽ, ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ് പ്രസിഡന്റ് ഡോ. ബിജു ഗഫൂർ, ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് മഖ്ദും അസീസ്, മെഡിക്കൽ ക്യാമ്പ് വൈസ് ചെയർമാൻ കെ.സി അബ്ദുൽ ലത്തീഫ്, റഷീദ് അഹമ്മദ് ടി.എസ്, മുഹമ്മദലി, പി.പി റഹീം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.