ദോഹ: ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ രാഷ്ട്രീയമായി പരിഹരിക്കാൻ എല്ലാ രാജ്യങ്ങളും അടിയന്തരമായി ഇടപെടണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു. ഇറാനും സൗദി അറേബ്യയും തമ്മിലുള്ള തർക്കം പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. രണ്ട് രാജ്യങ്ങൾക്കിടയിൽ പരസ്പരം കൂടിയിരുന്നുള്ള ചർച്ചകൾ നടക്കണമെന്നും വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ആവശ്യപ്പെട്ടു. സൗദി അറേബ്യയും ഇറാനും തമ്മിലുള്ള ഭിന്നത വർധിക്കുന്ന മുറക്ക് മേഖല കൂടുതൽ അസ്ഥിരപ്പെടുകയാണ് ചെയ്യുക.
ഇക്കാര്യം അതീവ ഗുരുതരമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുർക്കി അറബി ചാനലായ ടി.ആർ.ടിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. നിലവിലെ പ്രതിസന്ധിയിൽ വ്യാജ പ്രചാരണങ്ങൾ ഒഴിവാക്കി യാഥാർത്ഥ്യ ബോധത്തോടെയുള്ള പരിഹാര ശ്രമമാണ് നടക്കേണ്ടത്. ഖത്തറിന് േമൽ ഉപരോധം ഏർപ്പെടുത്തിയിട്ട് ഇപ്പോൾ ആറ് മാസമാവുകയാണ്. ഏത് അഭിപ്രായ ഭിന്നതകളും പരസ്പരം കൂടിയിരുന്ന് ചർച്ച ചെയ്ത് പരിഹരിക്കാമെന്ന ഉറച്ച നിലപാടാണ് ഖത്തറിനുള്ളത്.
തങ്ങൾ ഇക്കാര്യം മാധ്യസ്ഥ ശ്രമം നടത്തുന്ന കുവൈത്തിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഉപരോധ രാജ്യങ്ങൾ ഒരു തരത്തിലുള്ള ചർച്ചക്കും തയ്യാറാകാത്തതിനാലാണ് പ്രതിസന്ധി പരിഹരിക്കാതെ പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജി.സി.സി സംവിധാനം പൂർവാധികം ശക്തിയോടു കൂടി നിലനിൽക്കണമെന്നാണ് ഖത്തർ ആഗ്രഹിക്കുന്നത്. എന്നാൽ അത് മുൻകാലങ്ങളിലെ പോലെ സുശക്തമാകണമെങ്കിൽ സുതാര്യവും വ്യക്തവുമായ നിലപാട് സ്വീകരിക്കേണ്ടി വരും. ഇക്കാര്യത്തിൽ അംഗ രാജ്യങ്ങൾ പ്രത്യേകം താൽപര്യപ്പെടണമെന്നും ഖത്തർ വിദേശകാര്യ മന്ത്രി അഭ്യർത്ഥിച്ചു.
തുർക്കിയുമായി ഖത്തറിന് നയതന്ത്ര തലത്തിൽ മാത്രമല്ല സൈനികമായും സാമ്പത്തികമായും ബന്ധങ്ങളുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ വലിയ പിന്തുണയാണ് ഖത്തർ നൽകിയതെന്നും വിദേശകാര്യ മന്ത്രി അനുസ്മരിച്ചു. ഈ പിന്തുണയെ വിസ്മരിക്കാൻ രാജ്യത്തിനാകില്ല. ഇനിയുള്ള കാലത്ത് ഈ ബന്ധം കൂടുതൽ സുശക്തമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.