അൽജസീറ ചാനലിനു നൽകിയ അഭിമുഖത്തിൽ ഖത്തർ പ്രധാനമന്ത്രി സംസാരിക്കുന്നു
ദോഹ: ഞായറാഴ്ച രാവിലെയോടെ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരാനിരിക്കെ ഗസ്സക്ക് അന്താരാഷ്ട്ര പിന്തുണ ആവശ്യപ്പെട്ട് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനി. മധ്യസ്ഥ ദൗത്യങ്ങൾ വിജയത്തിലെത്തിയതിനു പിന്നാലെ യുദ്ധക്കെടുതികൾക്കിരയായ ഫലസ്തീനി കുടുംബങ്ങളെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനായി അന്താരാഷ്ട്ര ശ്രമങ്ങൾ ഏകോപിപ്പിക്കുയാണ് ഖത്തർ ലക്ഷ്യമിടുന്നതെന്ന് അൽ ജസീറ ചാനലിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
ബുധനാഴ്ച പ്രഖ്യാപിച്ച കരാർ പൂർണമായും നടപ്പിലാക്കുമെന്നും ഗസ്സയിലെ ജനങ്ങളുടെ ദുരിതം അവസാനിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ദുരിതമനുഭവിക്കുന്ന മനുഷ്യര്‍ക്ക് സഹായമെത്തിക്കുന്നതില്‍ ബ്ലാക്ക് മെയിലിങ് തടയാന്‍ മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്ത്, അമേരിക്ക എന്നിവരുമായി ചേര്‍ന്ന് ഖത്തര്‍ പ്രോട്ടോകോള്‍ തയാറാക്കിയിട്ടുണ്ട്. കരാര്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കണം. കരാറില്‍നിന്ന് പിന്മാറാന് ഇസ്രായേല്‍ പ്രധാനമന്ത്രി തീരുമാനിച്ചാല്‍ അദ്ദേഹം ആയിരം കാരണങ്ങള്‍ സൃഷ്ടിക്കാനാകും. എന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഈജിപ്ത് തലസ്ഥാനമായ കൈറോ കേന്ദ്രീകരിച്ച് ജോയന്റ് ഓപറേഷന് സെന്റര്‍ പ്രവര്‍ത്തിക്കും -ഖത്തര്‍ പ്രധാനമന്ത്രി വ്യക്തമാക്കി. മധ്യസ്ഥതയുടെ പേരില്‍ ഖത്തറിനെതിരെ നടന്നത് അനാവശ്യ വിമര്‍ശനങ്ങളാണെന്നും അദ്ദേഹം അഭിമുഖത്തിൽ വിശദീകരിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ വിമർശകർ ഒന്നും ചെയ്തിട്ടില്ല. ആരോപണങ്ങൾക്ക് പ്രവര്‍ത്തനങ്ങളിലൂടെയാണ് ഖത്തർ മറുപടി നല്‍കിയത്. യുദ്ധാനന്തരമുള്ള ഗസ്സ എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഫലസ്തീന് ജനതയാണ്. പുറത്തുനിന്നുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാന്‍ അവകാശമില്ല. എന്നാല്‍, ഗസ്സയിലെ ജനങ്ങളെ സഹായിക്കേണ്ടത് അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ ഉത്തരവാദിത്തമാണ് -ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രനേതാക്കളുമായി പ്രധാനമന്ത്രിയുടെ ചർച്ചകൾ ;വിദേശകാര്യമന്ത്രിയുമായി ഗസ്സ വിഷയങ്ങൾ ചർച്ച ചെയ്തു
ദോഹ: ഖത്തർ, ഈജിപ്ത്, അമേരിക്ക രാജ്യങ്ങളുടെ മധ്യസ്ഥ ശ്രമത്തിലൂടെ ഗസ്സയിൽ വെടിനിർത്തൽ ഞായറാഴ്ച പ്രാബല്യത്തിൽ വരുന്നതിനിടെ വിവിധ ലോകരാഷ്ട്രങ്ങളുമായി തിരക്കിട്ട കൂടിയാലോചനകൾ നടത്തി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനി. ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ഡോ. ബദ്ർ അബ്ദുൽ ആതി, യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, നെതർലൻഡ്സ് വിദേശകാര്യമന്ത്രി കാസ്പർ വെൽകാംപ്, സ്പാനിഷ് വിദേശകാര്യമന്ത്രി ജോസ് മാനുവൽ അൽബാരസ്, ഓസ്ട്രിയൻ ചാൻസലർ അലക്സാണ്ടർ ഷാലൻബർഗ് എന്നിവരുമായി വെള്ളി, ശനി ദിവസങ്ങളിലായി പ്രധാനമന്ത്രി ടെലിഫോൺ വഴി ചർച്ചകൾ നടത്തി.
പ്രധാനമായും ഗസ്സ വിഷയങ്ങളിലെ പുരോഗതിയും മധ്യസ്ഥ കരാർ പ്രകാരമുള്ള വെടിനിർത്തലും ബന്ദിമോചനവും സംബന്ധിച്ചാണ് രാഷ്ട്ര നേതാക്കളുമായി ചർച്ച നടത്തിയത്. കരാർ നിർദേശങ്ങൾ നടപ്പിലാക്കാനുള്ള നടപടി ക്രമങ്ങൾ സംബന്ധിച്ച് ഈജിപ്ഷ്യൻ വിദേശകാര്യമന്ത്രിയുമായി ചർച്ച നടത്തി. മധ്യസ്ഥ ദൗത്യങ്ങളിലെ ഈജിപ്തിന്റെ പങ്കാളിത്തത്തിന് അദ്ദേഹം അഭിനന്ദനവും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.