സുപ്രീംകമ്മിറ്റി അംഗം ബുദൂർ അൽ മീർ
ദോഹ: ഖത്തറിലെ എട്ട് മൈതാനങ്ങൾ വിശ്വമേളക്ക് ഒരുങ്ങുേമ്പാൾ ഓരോ ടച്ചിലും വൈവിധ്യം കാത്തുസൂക്ഷിക്കുകയാണ് സംഘാടകർ. അതിൽ പ്രധാനമാണ് പരിസ്ഥിതി സൗഹൃദം. ലോകകപ്പ് സ്റ്റേഡിയങ്ങളുടെ നിർമാണവും ടൂർണമെൻറിനു ശേഷം പുനരുപയോഗവും സംബന്ധിച്ച് കൃത്യമായ പദ്ധതി തയാറാക്കിയാണ് സംഘാടകർ ആദ്യം ലോകത്തെ ഞെട്ടിച്ചത്. പലവിധ പരിസ്ഥിതി സൗഹൃദ പരിപാടികൾ തയാറാക്കിയ സംഘാടകർ ഇപ്പോൾ, പ്ലാസ്റ്റിക് മാലിന്യത്തിതിരെയാണ് രംഗത്തിറങ്ങിയത്. അതിൻെറ പ്രധാന ചുവടുവെപ്പ് എന്നനിലയിൽ പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരതക്കും ഊന്നൽനൽകി സെവൻ ക്ലീൻ സീസുമായി സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി കരാർ ഒപ്പുവെച്ചു. പ്ലാസ്റ്റിക് മാലിന്യത്തിനെതിരായ പോരാട്ടങ്ങളുടെ ഭാഗമായാണ് സെവൻ ക്ലീൻ സീസുമായി കരാർ ഒപ്പുവെച്ചത്. പ്ലാസ്റ്റിക് മാലിന്യവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ ബോധവത്കരണം ശക്തിപ്പെടുത്തുക, പ്ലാസ്റ്റിക് മാലിന്യം കുറക്കുന്ന പദ്ധതികൾ വികസിപ്പിക്കുക, ടൂർണമെൻറിനുപയോഗിച്ച ഓഫ്സെറ്റ് പ്ലാസ്റ്റിക്കുകൾ ശേഖരിക്കുക തുടങ്ങിയ പ്രവർത്തനങ്ങളുമായി സെവൻ ക്ലീൻ സീസ്, ലോകകപ്പ് സംഘാടകർക്കൊപ്പമുണ്ടാകും. 2022ലെ ലോകകപ്പ് ഫുട്ബാൾ പ്ലാസ്റ്റിക് മാലിന്യമുക്ത ടൂർണമെൻറാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലോകകപ്പ് തയാറെടുപ്പുകളുടെ തുടക്കം മുതൽ മാലിന്യം കുറക്കുക പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുെന്നന്നും മാലിന്യം സംബന്ധിച്ചും അവയുടെ പുനരുപയോഗവുമായി ബന്ധപ്പെട്ടും ഫിഫ വേൾഡ് കപ്പ് സുസ്ഥിരതാ പദ്ധതിയുടെ ഭാഗമായി നിരവധി സംരംഭങ്ങളാണ് ആരംഭിച്ചതെന്നും സുപ്രീം കമ്മിറ്റി സുസ്ഥിരതാ വിഭാഗം മേധാവി എൻജി. ബുദൂർ അൽ മീർ പറഞ്ഞു.
സെവൻ ക്ലീൻ സീസുമായുള്ള പുതിയ പങ്കാളിത്തം പ്ലാസ്റ്റിക് മാലിന്യവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ ബോധവത്കരണം ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും പ്ലാസ്റ്റിക് മാലിന്യം കുറക്കുക, പുഴകളിൽനിന്നും കടലുകളിൽനിന്നും മാലിന്യം നീക്കുക എന്നിവയും ഇതിെൻറ ലക്ഷ്യമാണെന്നും എൻജി. അൽ മീർ വ്യക്തമാക്കി. ടൂർണമെൻറുമായി ബന്ധപ്പെട്ട് മാലിന്യം പുറന്തള്ളപ്പെടുന്നത് കുറക്കുക, ഊർജക്ഷമതയുള്ള സ്റ്റേഡിയങ്ങൾ, പുറന്തള്ളപ്പെടുന്ന കാർബണിൻെറ അളവ് കുറച്ച ഗതാഗത സംവിധാനം, സ്റ്റേഡിയം നിർമാണമേഖലയിലെ മാലിന്യം കൈകാര്യം ചെയ്യുന്നതിലെ സുസ്ഥിര പ്രവർത്തനങ്ങൾ തുടങ്ങിയ നിരവധി പദ്ധതികൾ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022െൻറ സുസ്ഥിരതാ പദ്ധതികളിലുൾപ്പെടുെന്നന്നും അവർ വിശദീകരിച്ചു.
സെവൻ ക്ലീൻ സീസ്:
ലോകത്തെ സമുദ്രങ്ങളെല്ലാം പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സംഘമാണ് സെവൻ ക്ലീൻ സീസ്. സിംഗപ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ എൻ.ജി.ഒ ഇന്ന് ലോകത്തിൻെറ വിവിധ ഭാഗങ്ങളിലായി പടർന്നു പന്തലിച്ചിരിക്കുന്നു. ഏഴ് സമുദ്രങ്ങളിൽനിന്നും തീരങ്ങളിൽനിന്നും നദികളിൽനിന്നും പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് സംസ്കരിക്കുകയാണ് ഈ പരിസ്ഥിതി കൂട്ടായ്മയുടെ ലക്ഷ്യം. 2018ൽ സിംഗപ്പുരിൽ സ്റ്റാർട്ടപ് ആയി തുടങ്ങിയ 'സെവൻ ക്ലീൻ സീസ്' ഇന്ന് ആയിരക്കണക്കിന് വളൻറിയർമാരുടെയും അത്യാധുനിക സംവിധാനങ്ങളുടെയും പിന്തുണയുള്ള ആഗോള കൂട്ടായ്മയാണ്. മൂന്നുവർഷത്തിനകം 1.85 ലക്ഷം പ്ലാസ്റ്റിക് മാലിന്യമാണ് ഇവർ സമുദ്രത്തിൽനിന്ന് പുറന്തള്ളിയത്.
ഓരോ വർഷവും ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നായി 11 ദശലക്ഷം ടൺ പ്ലാസ്റ്റിക്കുകളാണ് കടലിൽ തള്ളുന്നതെന്ന് സെവൻ ക്ലീൻ സീസ് സ്ഥാപകനയും സി.ഇ.ഒയുമായ ടോം പീകോക് നാസിൽ പറയുന്നു. ലോകകപ്പ് പോലൊരു വലിയൊരു മേളയുമായി സഹകരിച്ച് പ്രവർത്തിക്കുേമ്പാൾ ലോകവ്യാപകമായി പ്ലാസ്റ്റിക്കിനെതിരെ പ്രചാരണം നടത്താൻ കഴിയുമെന്ന് ടോം പീക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.