ദോഹ: 2030 ആകുമ്പോഴേക്കും ഹരിതഗൃഹ വാതക പുറന്തള്ളൽ (ജി.എച്ച്.ജി) 25 ശതമാനം കുറക്കുന്നതിനുള്ള കർമ പദ്ധതിയുമായി പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയം. ഏകദേശം 37 ദശലക്ഷം കാർബൺ ഡൈ ഓക്സൈഡിന് തുല്യമാണിത്.
എണ്ണ, വാതക മേഖലയിൽനിന്നുള്ള കാർബൺ ഡൈ ഓക്സൈഡ് 13.8 മുതൽ 16.9 ദശലക്ഷം ടൺ വരെയും, ഊർജ, ജല മേഖലയിൽനിന്ന് 5.1 മുതൽ 6.2 ദശലക്ഷം ടൺ വരെയും ഗതാഗത മേഖലയിൽനിന്ന് 3 മുതൽ 3.6 ദശലക്ഷം ടൺ വരെയും കെട്ടിട, നിർമാണ, വ്യവസായ മേഖലയിൽനിന്നുള്ള കാർബൺ ഡൈ ഓക്സൈഡ് 1.6 മുതൽ 2 ദശലക്ഷം ടൺ വരെയും കുറക്കുകയെന്നതും കർമ പദ്ധതിയിലുൾപ്പെടുന്നു.
8.3 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് കുറക്കൽ ലക്ഷ്യമിട്ട് അധിക നടപടികളും മന്ത്രാലത്തിന്റെ കർമ പദ്ധതിയിലുണ്ട്. കാലാവസ്ഥ വ്യതിയാനത്തോട് പൊരുത്തപ്പെടുന്ന രീതിയിൽ കർമ പദ്ധതിയുടെ ചട്ടക്കൂടിൽനിന്നുകൊണ്ട് 300ലധികം സംരംഭങ്ങളും മന്ത്രാലയം ആരംഭിക്കും.
കാർബൺ ആഗിരണം, സംഭരണം, ഊർജ കാര്യക്ഷമത പരിപാടി, കെട്ടിടങ്ങളിലെ ഊർജ സംരക്ഷണം, പുനരുപയോഗ ഊർജ പദ്ധതികളുടെ വിപുലീകരണം, ഊർജ-ജല ഉൽപാദന കാര്യക്ഷമത മെച്ചപ്പെടുത്തൽ, പൊതു ഗതാഗതത്തിന്റെ ഉപയോഗം വർധിപ്പിക്കൽ, പരിസ്ഥിതി സൗഹൃദ വൈദ്യുതി വാഹനങ്ങൾ, ഹരിത കെട്ടിട മാനദണ്ഡങ്ങൾ വികസിപ്പിക്കൽ എന്നിവയെല്ലാം ഇതിലുൾപ്പെടും.
കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനും വെല്ലുവിളികളെ നേരിടുന്നതിനും ഹരിതഗൃഹ വാതകം പുറന്തള്ളപ്പെട്ടുന്നത് കുറക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുന്നതിന് പാരിസ് ഉടമ്പടി ശക്തമായ പ്രോത്സാഹനവും പിന്തുണയും നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.