ഇൻകാസ് ഖത്തർ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ദോഹ: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ഇൻകാസ് ഖത്തർ സംഘടിപ്പിക്കുന്ന അനുസ്മരണം വെള്ളിയാഴ്ച വൈകീട്ട് ആറിന് അബു ഹമൂറിലുള്ള ഐ.സി.സി അശോകാ ഹാളിൽ നടക്കും.ഉമ്മൻ ചാണ്ടിയുടെ ഓർമക്കായി ഇൻകാസ് ഖത്തർ ഏർപ്പെടുത്തിയിട്ടുള്ള മികച്ച പൊതു പ്രവർത്തകനുള്ള പ്രഥമ 'ഉമ്മൻ ചാണ്ടി ജനസേവാ' പുരസ്കാരത്തിനായി അഡ്വ. വി.എസ്. ജോയിയെ തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. എഴുത്തുകാരി സുധാ മേനോൻ, ഇൻകാസ് ഉപദേശക സമിതി ചെയർമാൻ ജോപ്പച്ചൻ തെക്കെക്കൂറ്റ്, പ്രസിഡന്റ് ഹൈദർ ചുങ്കത്തറ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
നോർക്ക- റൂട്സ് ഡയറക്ടർ ജെ.കെ. മേനോൻ പുരസ്കാരം സമ്മാനിക്കും. പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ഒരു പ്രദേശത്തെ ജനങ്ങളെയൊന്നാകെ, ജാതി -മത -രാഷ്ട്രീയ വ്യത്യാസമില്ലാതെ ചേർത്തുപിടിച്ച് നടത്തിയ പ്രവർത്തനങ്ങളാണ് ജോയിയെ പുരസ്കാരത്തിനർഹനാക്കിയതെന്ന് സമിതി അംഗങ്ങൾ അഭിപ്രായപ്പെട്ടു.ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, ഉപദേശക സമിതി ചെയർമാൻ ജോപ്പച്ചൻ തെക്കെക്കൂറ്റ്, ഉമ്മൻ ചാണ്ടി അനുസ്മരണ സമിതി ചെയർമാൻ കെ.വി. ബോബൻ, ഇൻകാസ് ട്രഷറർ വി.എസ്. അബ്ദുൽ റഹ്മാൻ, കോഓഡിനേറ്റർ ബഷീർ തുവാരിക്കൽ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.