പൊതുജനാരോഗ്യ മന്ത്രാലയം ആസ്ഥാനം
ദോഹ: ആഫ്രിക്കൻ രാജ്യങ്ങളിൽ കോവിഡിെൻറ പുതുവകഭേദമായ ഒമൈക്രോൺ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ യാത്രാ നിയന്ത്രണം കടുപ്പമാക്കി ഖത്തറും. കൂടുതൽ ആഫ്രിക്കൻ രാജ്യങ്ങളെ അതിതീവ്ര കോവിഡ് വ്യാപന രാജ്യങ്ങളുടെ പട്ടികയായ എക്സപ്ഷനൽ റെഡ് ലിസ്റ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തികൊണ്ട് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം പട്ടിക പുതുക്കി. ഇതിനു പുറമെ, ദക്ഷിണാഫ്രിക്ക, സിംബാബ്വെ, മൊസാംബീക് രാജ്യങ്ങളിൽനിന്നുള്ള യാത്രകൾ ഖത്തർ എയർവേസ് റദ്ദാക്കി. ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ ഈ രാജ്യങ്ങളിൽനിന്നും യാത്രക്കാരെ സ്വീകരിക്കില്ലെന്നും ശനിയാഴ്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നതായും ഖത്തർ എയർവേയ്സ് ട്വീറ്റ് ചെയ്തു.
ലോകാരോഗ്യ സംഘടനയിൽനിന്നുള്ള പുതിയ വിവരങ്ങൾ അടിസ്ഥാനമാക്കി സാഹചര്യങ്ങൾ പരിശോധിച്ചു വരുകയാണെന്നും അറിയിച്ചു. അതേസമയം, ദക്ഷിണാഫ്രിക്ക, സിംബാബ്വെവ, മൊസംബീക് രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്ക് വിലക്കുണ്ടായിരിക്കില്ല. മറ്റു വിമാന സർവിസുകൾ വഴി ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഖത്തറിൽ എത്തുന്നതിനും തടസ്സമുണ്ടാവില്ല. എന്നാൽ, എക്സപ്ഷനൽ റെഡ് ലിസ്റ്റിൽ ആയതിനാൽ ക്വാറൻറീൻ ഉൾപ്പെടെ നിയന്ത്രണങ്ങൾ ബാധകമാവും. പുതിയ തീരുമാനത്തിൽ യാത്രാ പ്രതിസന്ധി നേരിടുന്നവർ ഉടൻ ഖത്തർ എയർവേസുമായോ അവരുടെ ട്രാവൽ ഏജൻറുമായോ ബന്ധപ്പെടണമെന്ന് വിമാന കമ്പനി നിർദേശം നൽകി.
ഇതുവരെ കണ്ടെത്തിയതിൽ കൂടുതൽ മാരകമായ വകഭേദമാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്ക ഉൾപ്പെടെ ഏഴ് രാജ്യങ്ങളിലേക്ക് സൗദി അറേബ്യയും ആറ് രാജ്യങ്ങളിലേക്ക് ബഹ്റൈനും കഴിഞ്ഞ ദിവസം വിലക്കേർപ്പെടുത്തിയിരുന്നു. മറ്റു ഗൾഫ് രാഷ്ട്രങ്ങളും നിയന്ത്രണങ്ങൾ ശക്തമാക്കി. പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതിനെ തുടർന്ന് ബൂസ്റ്റർ ഡോസ് വിതരണം ഊർജിതമാക്കാനുള്ള തയാറെടുപ്പിലാണ് അധിക രാജ്യങ്ങളും. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ ഉടൻതന്നെ ബൂസ്റ്റർ ഡോസിനായി ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയവും ഹമദ് മെഡിക്കൽ കോർപറേഷനും ഇതിനകം ആവർത്തിച്ചുള്ള അറിയിപ്പുമായി രംഗത്ത് വന്നിട്ടുണ്ട്. പ്രതിദിനം 5000ത്തിലധികം ബൂസ്റ്റർ ഡോസുകളാണ് ഖത്തറിൽ വിതരണം ചെയ്യുന്നത്.
ആറ് ആഫ്രിക്കൻ രാജ്യങ്ങൾ എക്സപ്ഷനൽ റെഡ് ലിസ്റ്റിൽ
ദോഹ: ഒമൈക്രോൺ വകഭേദം കണ്ടെത്തിയതിനു പിന്നാലെ ആഫ്രിക്കയിൽനിന്നുള്ള കൂടുതൽ രാജ്യങ്ങളെ എക്സപ്ഷണൽ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി. നേരത്തേ 10 ആയിരുന്ന പട്ടിക, കഴിഞ്ഞ ദിവസം 15 ആയി ഉയർത്തി. ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഇസ്വാറ്റിനി, ലെസോതോ, നമീബിയ, സിംബാബ്വെ എന്നീ രാജ്യങ്ങളാണ് ശനിയാഴ്ച പ്രഖ്യാപിച്ചതു പ്രകാരം പുതുതായി ഇടം നേടിയത്. ഇന്ത്യ, ബംഗ്ലാദേശ്, ഈജിപ്ത്, നേപ്പാൾ, പാകിസ്താൻ, ഫിലിപ്പീൻസ്, ശ്രീലങ്ക, സൗത്ത് സുഡാൻ, സുഡാൻ രാജ്യങ്ങൾ നേരത്തേതന്നെ ഇൗ പട്ടികയിലാണ്. അതേസമയം, ഇന്തോനേഷ്യ ഈ വിഭാഗത്തിൽനിന്നും റെഡ്ലിസ്റ്റിലേക്ക് മാറി.
ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിൻെറ യാത്രാനയം പ്രകാരം, ഈ രാജ്യങ്ങളിൽനിന്നുള്ള വാക്സിൻ സ്വീകരിച്ച യാത്രക്കാർക്ക് രണ്ടു ദിവസം ക്വാറൻറീൻ നിർബന്ധമാണ്. വാക്സിൻ സ്വീകരിക്കാത്തവർ ആണെങ്കിൽ, ഏഴു ദിവസമാണ് ക്വാറൻറീൻ.
കൂടുതൽ രാജ്യങ്ങൾ എക്സപ്ഷനൽ റെഡ്ലിസ്റ്റിൽ ഉൾപ്പെട്ടതോടെ ഇന്ത്യക്കാർ ഉൾപ്പെടെ പ്രവാസികൾക്ക് ക്വാറൻറീൻ െചലവേറുമെന്നാണ് ട്രാവൽ മേഖലയിലുള്ളവരുടെ നിരീക്ഷണം. കൂടുതൽ രാജ്യക്കാർക്ക് ഹോട്ടൽ ക്വാറൻറീൻ ആവശ്യമായതോടെ ക്വാറൻറീൻ ബുക്കിങ് വെബ്സൈറ്റായ ഡിസ്കവർ ഖത്തറിൽ തിരക്കേറാൻ ഇടയാവും. നിലവിൽ രണ്ടു ദിവസ ക്വാറൻറീന് 1000 മുതൽ 1500 റിയാൽ വരെയാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.